ശക്തമായ മഴയില്‍ പേരാമ്പ്ര മേഖലയില്‍ വ്യാപക നാശ നഷ്ടം; മതിലിടിഞ്ഞു, വീടുകളില്‍ വെള്ളം കയറി
പേരാമ്പ്ര: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പേരാമ്പ്ര മേഖലയില്‍ വ്യാപക നാശ നഷ്ടം. മഴയെ തുടര്‍ന്ന് വീടിന്റെ മതിലിടിഞ്ഞു, ഇടിമിന്നലില്‍ ചില വീടുകളിലും നാശ നഷ്ടമുണ്ടായി. നിര്‍ത്താതെ മഴ പെയ്തതിനാല്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചില വീടുകളില്‍ വെള്ളം കയറി.
പേരാമ്പ്ര, കൂത്താളി, തണ്ടോറപ്പാറ, പാണ്ടിക്കോട്, ചക്കിട്ടപാറ, പന്തിരിക്കര മേഖലയില്‍ ഇന്നലെ കനത്ത മഴയാണ് പെയ്തത്. നിര്‍ത്താതെ മഴപെയ്തതിനാല്‍ വീടുകളിലും വെള്ളം കയറി. കനത്ത മഴയില്‍ പേരാമ്പ്ര നഗരത്തിലെ റോഡിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയിലാണ് പേരാമ്പ്ര ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്.
പേരാമ്പ്ര തണ്ടകണ്ടിതാഴ നളിനകാന്തി വേണുവിന്റെ വീട്ടില്‍ വെള്ളം കയറി. വീടിന്റെ വരാന്തയിലും അടുക്കളയിലും വെള്ളം കയറിയ നിലയിലായിരുന്നു. വീട്ടില്‍ ആളില്ലാത്തതിനാല്‍ സാധനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
ചക്കിട്ടപാറ പഞ്ചായത്തിൽ 7ാം വാർഡിലെ മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ കനത്ത മഴയിൽ തോട് കരകവിഞ്ഞ് വീടുകൾ വെള്ളത്തിലായി. വലിയപറമ്പിൽ മനോജ്, വാസു പാറയിൽ, മേരി തെക്കെക്കുറ്റ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
കനത്ത മഴയില്‍ പേരാമ്പ്ര ഹൈസ്കൂളിനുസമീപം മതില് ചെരിഞ്ഞ് സമീപത്തെ വീട്ടില്‍ പതിച്ചു. കുറുക്കന് കുന്നുമ്മല്‍ ഷാജിയുടെ വീടിനുമുകളിലേക്കാണ് മതില് പതിച്ചത്. ചെങ്കല്ലുകൊണ്ട് കെട്ടി മുകളില്‍ കോണ്‍ക്രീറ്റ് ബീമുള്ള മതില് ചെരിഞ്ഞ് വീടിന്റെ വാര്പ്പില്ത്തട്ടി നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. തൊണ്ടികറ്റിയാട്ട് ശ്രീധരന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിലും മഴയിലിടിഞ്ഞു വീണു. ഹൈസ്കൂളിനുസമീപത്തെ മലപ്പാടിക്കണ്ടി റഷീദിന്റെ വീടിനുമുകളില്‍ തെങ്ങും കവുങ്ങും വീണു.
ഇടിമിന്നലില്‍ പേരാമ്പ്രയില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പനക്കാട് പുത്തന്‍പുരയില്‍ ഗംഗാധരന് നായര്‍, ആവള താഴെ പാലക്കൂല്‍ ശ്രീജിത്ത് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലുമാണ് കേടുപാടുകള്‍ സംഭവിച്ചത്.