വ്യാജ സ്വര്‍ണ്ണം പണയംവച്ച് തട്ടിപ്പിന് ശ്രമം; കൊയിലാണ്ടി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ പൊലീസ് പിടിയില്‍


കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിപ്പു നടത്താന്‍ ശ്രമിച്ച കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേരെ കസബ പൊലീസ് പിടികൂടി. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി വീട്ടില്‍ അലി അക്ബര്‍ (22) കോര്‍പറേഷന്‍ ഓഫിസിനു സമീപം നൂറി മഹല്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (29) എന്നിവരെയാണു കസബപൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കല്ലായി പാലത്തിനു സമീപത്തുള്ള പണമിടപാടു സ്ഥാപനത്തില്‍ ഉച്ചയോടെ തിരക്കുള്ള സമയത്താണു വ്യാജ സ്വര്‍ണം പണയം നല്‍കി പണം തട്ടാന്‍ ഇരുവരും എത്തിയത്. ഇവര്‍ വലിയ തിരക്കു കൂട്ടിയപ്പോള്‍ സംശയം തോന്നിയ സ്ഥാപന ഉടമകള്‍ പണയം വയ്ക്കാന്‍ കൊണ്ടുവന്ന ഉരുപ്പടി വിശദമായി പരിശോധിച്ചു. വ്യാജ സ്വര്‍ണമാണെന്നു ബോധ്യപ്പെട്ടപ്പോള്‍ ഇരുവരെയും തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു. ഇവരെ ചോദ്യം ചെയ്തതില്‍ വ്യാജ സ്വര്‍ണം ലഭിച്ച സ്ഥലത്തെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മറ്റേതെങ്കിലും സ്ഥാപനത്തില്‍ ഇവര്‍ മുക്കുപണ്ടം പണയം വച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

കസബ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എസ്.അഭിഷേക്, സീനിയര്‍ സി.പി.ഒമാരായ എം.കെ.സജീവന്‍, ജെ.ജെറി, സി.പി.ഒ വി.കെ.പ്രണീഷ്, വനിത സി.പി.ഒ വി.കെ.സറീനാബി എന്നിവരാണു പൊലീസ് സംഘത്തിലെ മറ്റുള്ളവര്‍. കോവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.