വ്യക്‌തി വിവരങ്ങൾ ചോർന്നിട്ടില്ല; ഹാക്കിംഗ്‌ നിഷേധിച്ച് ലിങ്ക്ഡ്ഇൻ, 70 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍


കോഴിക്കോട്: 70 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനമായ ലിങ്ക്ഡ്ഇന്‍. ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചതായി പറയുന്ന വിവരങ്ങള്‍ പരിശോധിച്ചെന്നും ഇത് ഏതൊരാള്‍ക്കും എടുക്കാന്‍ കഴിയുന്ന വിവരങ്ങളാണെന്നും, വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പറഞ്ഞു.

ലിങ്ക്ഡ്ഇന്നില്‍ നിന്നും മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും മാറ്റുമെടുത്ത വിവരങ്ങളാണ് വില്പനയ്ക്ക് വെച്ചതെന്നും, ഒരു ഉപഭോക്താവിന്റെയും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും, ഉപഭോക്താക്കള്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ടെന്നും കമ്പനി അറിയിച്ചു.

ജൂണ്‍ 22 നായിരുന്നു ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെട്ട് ഹാക്കര്‍ രംഗത്തെത്തിയത്. ഇ-മെയില്‍ അഡ്രസ്, വിലാസം, ഫോണ്‍ നമ്പര്‍, ശാരീരിക വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ യു.ആര്‍.എല്‍, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയതായാണ് ഹാക്കര്‍ അവകാശപ്പെട്ടത്.

75.6 കോടി ഉപയോക്താക്കളാണ് ലിങ്ക്ഡ്ഇന്നിന് ലോകവ്യാപകമായുള്ളത്. ഇതില്‍ 92 ശതമാനം പേരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ഹാക്കര്‍ അറിയിച്ചത്.

ലിങ്ക്ഡ്ഇന്നിലെ അംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ നിബന്ധനകള്‍ ലംഘിക്കുകയോ ചെയ്താല്‍ അത് അവസാനിപ്പിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.