വോട്ടർപട്ടിക പുതുക്കാൻ നവംബര്‍ 30 വരെ അവസരം; ഇന്നും 28-നും ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ


കോഴിക്കോട്: വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിങ്‌ സ്റ്റേഷനിൽനിന്നോ നിയമസഭാമണ്ഡലത്തിൽനിന്നോ മറ്റൊരു പോളിങ്‌ സ്റ്റേഷനിലേക്കോ നിയമസഭാമണ്ഡലത്തിലേക്കോ സ്ഥാനമാറ്റം നടത്തുന്നതിനും നവംബര്‍ 30 വരെ അവസരം. ഇതിനായി ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശപ്രകാരം ഞായറാഴ്ചയും നവംബര്‍ 28-നും ജില്ലയിലെ പോളിങ്‌ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ നടത്തുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

ജനസേവനകേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയവവഴിയും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും http://www.nvsp.in എന്ന വെബ്സൈറ്റ് വഴിയും തിരുത്തലുകൾ വരുത്താം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം 2022 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ച് വോട്ടർപട്ടിക പുതുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ജില്ലയിൽ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികൾ നടക്കുകയാണ്. എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആവശ്യമായ തിരുത്തലുകൾ നടത്തി അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.