വൈദ്യുത മേഖലയുടെ സ്വകാര്യവത്ക്കരണം: ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു ജീവനക്കാര്‍ പ്രതിഷേധിച്ചു
കൊയിലാണ്ടി: രാജ്യമാകെ തുടര്‍ച്ചയായി നടക്കുന്ന ജനപക്ഷ സമരങ്ങളോട് മുഖം തിരിച്ച് നില്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്റെ (NCCOEEE) നേതൃത്വത്തില്‍ ജനവിരുദ്ധ നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു.
സാധാരണക്കാരന് ഭാവിയില്‍ വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി സ്വകാര്യ വല്‍ക്കരണ നിയമം വരുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നത്.
വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ജില്ലയിലെ എല്ലാ ഓഫീസുകള്‍ക്ക് മുന്നിലും ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു ജീവനക്കാര്‍ പ്രതിഷേധിച്ചത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക