വൈദ്യുതിയില്‍ സ്വയം പര്യാപ്തതയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത്; 330 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം


കോഴിക്കോട്‌: സോളാർ വൈദ്യുതിയിൽ സ്വയംപര്യാപ്‌തതയിലേക്ക്‌ കുതിക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. രണ്ടാംഘട്ടത്തിൽ 21 ഇടങ്ങളിൽകൂടി പാനൽ സ്ഥാപിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കും.

കെഎസ്‌ഇബിയുടെ എനർജി സേവിങ്‌സ്‌ വിഭാഗവുമായി ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയിലൂടെ 330 കിലോ വാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അഹമ്മദ്‌ കബീർ പറഞ്ഞു.

നിർമാണ കരാർ ഉടൻ കെ.എസ്‌.ഇ.ബി‌ക്ക്‌ കൈമാറും. ആദ്യഘട്ടത്തിൽ സോളാർ പാനൽ സ്ഥാപിച്ച 43 സ്‌കൂളുകളിൽ വൈദ്യുതി ഉൽപ്പാദനം തുടങ്ങി. അടുത്ത അഞ്ച്‌ വർഷത്തേ‌ക്കുള്ള അറ്റകുറ്റപ്പണിയടക്കം ടെൻഡർ നേടുന്ന കമ്പനിയാകും നടത്തുക‌.

ജില്ലാപഞ്ചായത്ത്‌, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, തിക്കോടി തെങ്ങിൻ തൈ വളർത്തുകേന്ദ്രം, കല്ലാച്ചി ഗവ. കൊമേഴ്‌സ്യൽ ഇൻസ്‌റ്റിറ്റ്യുട്ട്‌, കൂത്താളി ജില്ലാ കൃഷിഭവൻ, വടകര ജില്ലാ ആശുപത്രി, പേരാമ്പ്രയിലെയും പുതുപ്പാടിയിലെയും ജില്ലാ വിത്തുൽപ്പാദന കേന്ദ്രങ്ങൾ, പേരാമ്പ്ര വനിതാ ഹോസ്‌റ്റൽ, പുറക്കാട്ടിരി എ.സി.ഷൺമുഖദാസ്‌ മെമ്മോറിയൽ, കുട്ടികളുടെയും കൗമാരക്കാരുടെയും ആയുർവേദ ആശുപത്രി, ജില്ലാ വെറ്ററിനറി ആശുപത്രി, ചാത്തമംഗലം റീജ്യണൽ പൗൾട്രി ഫാം എന്നിവയാണ്‌ സോളാർ വൈദ്യുതി ഉൽപ്പാദനത്തിന്‌ ഒരുങ്ങുന്നത്‌.