വൈകിയാണെങ്കിലും എം.സി ജോസഫൈന്റെ രാജി അഭിനന്ദനീയമെന്ന് കെ.സുധാകരന്‍
കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ രാജി വൈകിയാണെങ്കിലും അഭിനന്ദനീയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വകാര്യ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ സംസാരിച്ച രീതി വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ സിപിഎം ജോസഫൈനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു.
വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണെന്നും പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈനെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ജോസഫൈനെതിരെ നേരത്തെ സുധാകരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജോസഫൈന്‍റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിലാണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ എംസി ജോസഫൈൻ നടത്തിയ പരാമര്‍ശം പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കി എന്ന് നേതാക്കൾ സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തതോടെയാണ് ജോസഫൈനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സമൂഹം വലിയ തോതിൽ ചര്‍ച്ച ചെയ്യുകയും സര്‍ക്കാർ സംവിധാനം ആകെ അനുകമ്പാ പൂര്‍വ്വം ഇടപെടുകയും ചെയ്ത് വരുന്നതിനിടെ വനിതാ കമ്മീഷന്‍റെ പേരിലുണ്ടായ വിവാദം സിപിഎമ്മിനേയും സര്‍ക്കാരിനെയും ആകെ പ്രതിരോധത്തിലാക്കിയിരുന്നു.