വേദന കൊണ്ടുള്ള കരച്ചില്‍ ഉറക്കംകെടുത്തുന്നു; രോഗിയായ ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി


കുറവിലങ്ങാട്: കിടപ്പുരോഗിയായ സ്ത്രീയെ ഭര്‍ത്താവ് ഊന്നുവടികൊണ്ട് അടിച്ചുകൊന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയശേഷം വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉഴവൂര്‍ ചേറ്റുകുളം കുര്യംമാനാല്‍ (ഉറുമ്പില്‍) ഭാരതിയമ്മ (82) ആണ് മരിച്ചത്. ഭര്‍ത്താവ് രാമന്‍കുട്ടിയെ (85) കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായി കുറവിലങ്ങാട് പോലീസ് പറഞ്ഞു.രാമന്‍കുട്ടിക്ക് ഓര്‍മക്കുറവുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭാരതിയമ്മയുടെ മരണം ബന്ധുക്കള്‍ അറിഞ്ഞത്. രണ്ടാമത്തെ മകന്‍ സോമനൊപ്പമാണ് ഇവര്‍ കഴിയുന്നത്. സോമന്റെ ഭാര്യ ലത പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കും. ലത ഹാളിലെ ലൈറ്റ് ഇടുമ്പോള്‍ ഭാരതിയമ്മ ചായ ആവശ്യപ്പെടാറുണ്ട്.തിങ്കളാഴ്ച അഞ്ചുമണിയായിട്ടും ഭാരതിയമ്മയുടെ ശബ്ദം കേള്‍ക്കാതെ വന്നതോടെ ലത വാതില്‍ തുറക്കാന്‍ നോക്കി. ഉള്ളില്‍നിന്ന് പൂട്ടിയിരുന്നു. ഇതോടെ സോമനും വന്നുവിളിച്ചു.

രാമന്‍കുട്ടി വാതില്‍ തുറന്നപ്പോള്‍ നെറ്റിയിലും മുഖത്തും അടിയേറ്റ് രക്തം വാര്‍ന്ന് ഭാരതിയമ്മ കട്ടിലില്‍ കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് മറ്റ് മക്കളും ബന്ധുക്കളും അയല്‍വാസികളും എത്തി. ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ആളുകള്‍ ആശുപത്രിയിലേക്ക് പോയപ്പോഴാണ് രാമന്‍കുട്ടി കിണറ്റില്‍ ചാടിയത്. ശബ്ദം കേട്ടെത്തിയ മൂത്തമകന്‍ രാജു, രാമന്‍കുട്ടിയെ ഉയര്‍ത്തിപ്പിടിച്ചു. നാട്ടുകാരെത്തി കരയ്ക്കുകയറ്റി.കിടപ്പുരോഗിയായ ഭാരതിയമ്മയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കിയിരുന്നത്. ഭാരതിയമ്മയോട് ഏറെ സ്‌നേഹത്തോടെയാണ് രാമന്‍കുട്ടി പെരുമാറിയിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അടുത്തനാളുകളില്‍ വേദനകൊണ്ട് ഭാരതിയമ്മ കരയുമായിരുന്നു. ഇത് തന്റെ ഉറക്കം കെടുത്തുന്നതായി രാമന്‍കുട്ടി മക്കളോട് പറഞ്ഞിരുന്നു.ചക്കാമ്പുഴ കവളനാത്തടത്തില്‍ കുടുംബാംഗമാണ് ഭാരതിയമ്മ. മറ്റ് മക്കള്‍: നളിനി, സുശീല, ഗീത. മരുമക്കള്‍: സുധ രാജു, ലത സോമന്‍, ശശി കരിമ്പനാനിക്കല്‍ ഇടുക്കി, രാജന്‍ പുത്തന്‍പുരയ്ക്കല്‍ മോനിപ്പള്ളി, രാജു ചെറുകരോട്ട് കുറവിലങ്ങാട്.ജില്ലാ പോലീസ് മേധാവി ഡി. ശില്പ, വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസ്, കുറവിലങ്ങാട് എസ്.എച്ച്.ഒ. സി.ഐ. സജീവ് ചെറിയാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.