വെള്ളിയൂരില്‍ നൊച്ചാട് റോഡിന് കുറുകെ സ്ഥാപിച്ച ഇരുമ്പഴി പാലം അപകടാവസ്ഥയില്‍


പേരാമ്പ്ര: വെള്ളിയൂരില്‍ നൊച്ചാട് റോഡിന് കുറുകെ സ്ഥാപിച്ച ഇരുമ്പഴി പാലം തകര്‍ന്നു. ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണിത്. ഇരുമ്പഴി പാലം തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതിലെ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

ചാത്തോത്ത് താഴെ-കുഞ്ഞാലി മുക്ക് റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതുകൊണ്ട് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഈ റോഡിലൂടെയാണ് കടന്നുപോരുന്നത്.നിരവധി പ്രാവശ്യം പുനര്‍നിര്‍മ്മിച്ചെങ്കിലും പാലം തകരുകയാണ്. നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ് കൂടിയാണിത്. കുട്ടികളുടെ കാല്‍ അഴിക്കുള്ളില്‍ കുടുങ്ങിപ്പോകാനുളള സാധ്യതയും ഉണ്ട്.

പൊട്ടിയ അഴികള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇരുമ്പഴി പാലത്തിന് പകരമായി കോണ്‍ക്രീറ്റ് പാലമാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് യാത്രക്കാര്‍ പറയുന്നത്.