വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത ആറ് പെണ്‍കുട്ടികളെ കാണാതായി; അഞ്ചുപേരും കോഴിക്കോട് സ്വദേശികള്‍


കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞദിവസം റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിനുശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണീര്‍ സ്വദേശിയുമാണ്. ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടികള്‍ സമീപ പ്രദേശങ്ങളില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക വിവരം. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.