വെള്ളത്തിലൂടെയുള്ള യാത്രയും, നീന്തലും തമാശകളിയല്ല, ജീവന്റെ വിലയുള്ള കളിയാണ്; മുന്‍കരുതലെടുത്ത് സുരക്ഷിതരായിരിക്കാം


രോ അപകട മരണങ്ങള്‍ സംഭവിക്കുമ്പേളും അവരെ ഓര്‍ത്ത് നമ്മല്‍ പരിതപിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ ചുരുക്കമായിരിക്കും. വീടിനടുത്തുള്ള കുളത്തിലും തോട്ടിലും നീന്തിയുള്ള പരിചയം വെച്ചാണ് പലരും കടലിലും പുഴകളിലും നീന്താന്‍ ഇറങ്ങുക. അതിനാല്‍ തന്നെ മുങ്ങിമരണങ്ങളും ഇപ്പോള്‍ തുടര്‍കഥയാവുകയാണ്.

ഏറ്റവുമൊടുവിലായി പെരുവണ്ണാമുഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞത് ഇരുപത്തി രണ്ട് വയസ്സു മാത്രം പ്രായമുള്ള അഭിജിത്തിന്റെ ജീവനാണ്. ഇത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് സംസാരിക്കുകയാണ് വിനോ ബാസ്റ്റ്യന്‍.

വെള്ളത്തില്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. എത്ര നീന്തല്‍ അറിയാം എങ്കിലും, നിങ്ങള്‍ ലൈഫ് ജാക്കറ്റൊ, കാറ്റു നിറച്ച ട്യൂബൊ കയ്യില്‍ കരുതണം. അപസ്മാരം, കോച്ചിപ്പിടുത്തം, കുഴഞ്ഞുപോകല്‍, ഹാര്‍ട്ടറ്റാക്ക് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വെള്ളത്തില്‍ വെച്ച് നിങ്ങള്‍ക്ക് സംഭവിച്ചാല്‍, എത്ര നീന്തല്‍ അറിയുന്ന ആളായാലും, നിങ്ങള്‍ക്ക് ഒന്നും ചെയ്യാനോ, രക്ഷപ്പെടാനോ കഴിയില്ല. നിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുടെ ജീവനും അപകടത്തില്‍ പെടുത്താന്‍ മാത്രമേ നിങ്ങളുടെ അലംഭാവം മൂലം കഴിയൂ..

2. തോണിയിലാണ്, ബോട്ടിലാണ്, കൊട്ടവഞ്ചിയിലാണ് നിങ്ങള്‍ വെള്ളത്തിലൂടെ പോകുന്നതെന്നും, ബോട്ടിലും കൊട്ടവഞ്ചിയിലും വള്ളത്തിലും നിങ്ങളുടെ ജീവന്‍ സുരക്ഷിതമാണ് എന്നും നിങ്ങള്‍ അഹങ്കരിക്കരുത്. ബോട്ടിലായാലും, വള്ളത്തിലായാലും, കൊട്ടവഞ്ചിയില്‍ ആയാലും കാറ്റ് നിറച്ച ട്യൂബൊ, ലൈഫ് ജാക്കറ്റോ നിങ്ങള്‍ കയ്യില്‍ കരുതണം. കരയില്‍ നമ്മള്‍ക്കു വരുന്ന അപകടങ്ങളെ നമ്മള്‍ കൈകാര്യം ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല വെള്ളത്തില്‍ വെച്ചുള്ള അപകടങ്ങളെ കൈകാര്യം ചെയ്യാന്‍.

3. അപകടത്തില്‍ പെട്ടയാളെ ജീവന്‍ രക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷിക്കാനായി ഇറങ്ങി പുറപ്പെടുന്നത്, രക്ഷിക്കാന്‍ പോകുന്നവരുടെ ജീവന്‍ അപകടത്തില്‍ പെടുത്തുന്നതിനു കാരണമാകും. അപകടം പറ്റി വെള്ളത്തിലേക്കു താഴ്ന്ന് പോകുന്ന ആള്‍ അവരുടെ സകല ആരോഗ്യവും എടുത്ത് നിങ്ങളെ പിടിച്ചു വലിക്കും. മരണത്തെ മുന്നില്‍ കാണുന്നവന്‍ പുറത്തെടുക്കുന്ന ഉശിരിനു അവന്റെ ജീവനോളം വില കാണിക്കും. ആ പിടിച്ചു വലിക്കലിനെ അതിജീവിച്ച് അയാളെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്ത് അയാളെയുമായി നീന്തി കരക്കെത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ലൈഫ് ജാക്കറ്റൊ മറ്റു ജീവന്‍ രക്ഷാ ഉപാധികളോ രക്ഷിക്കാന്‍ പോകുന്ന ആളുടെ കയ്യില്‍ ഇല്ല എങ്കില്‍ അയാളുടെ ജീവനും അപകടം സംഭിവിക്കാം.

വെള്ളത്തിലൂടെയുള്ള യാത്രയും, നീന്തലും തമാശകളിയല്ല, ജീവന്റെ വിലയുള്ള കളിയാണ് എന്നത് മനസ്സില്‍ കണ്ട് ജീവന്‍ രക്ഷാ ഉപാധികള്‍ കയ്യില്‍ കരുതി മാത്രം വെള്ളത്തിലിറങ്ങുക. നിങ്ങളുടെ ജീവനും നിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ ജീവനും അപകടത്തില്‍ പെടുത്താതിരിക്കാനുള്ള വിവേചന ബുദ്ധിയും പാകതയും നിങ്ങള്‍ കാണിക്കുക.