വീരഞ്ചേരിയിലെ പോസ്റ്റല്‍ ആന്‍ഡ് ടെലിഫോണ്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ന്ന നിലയില്‍; കാടു മൂടി നശിച്ചത് 24 ക്വാട്ടേഴ്‌സുകള്‍


വടകര: വീരഞ്ചേരിയിലെ പോസ്റ്റൽ ആൻഡ് ടെലിഫോൺ ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ തകർന്നും കാടു മൂടിയും നശിക്കുന്നു. നാലു പതിറ്റാണ്ടു മുൻപ് പണിത മൂന്നു നില കെട്ടിടത്തിൽ തപാൽ വകുപ്പിന് 18, ടെലിഫോൺസിന് 24 ക്വാർട്ടേഴ്സുകൾ വീതമാണുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്.ഒരു ഏക്കറിൽ ജീവനക്കാരുടെ റിക്രിയേഷൻ ക്ലബ് കെട്ടിടം, കളിക്കാനുള്ള കോർട്ടുകൾ എന്നിവ ഉൾപ്പെടെയായിരുന്നു ക്വാർട്ടേഴ്സ് വളപ്പ്. കെട്ടിടത്തിന്റെ തകർച്ച തുടങ്ങിയതോടെ പലരും ഒഴിഞ്ഞുപോയി. ചില ക്വാർട്ടേഴ്സുകൾ കിട്ടിയ ജീവനക്കാർ പുറമേയുള്ളവർക്ക് താമസിക്കാൻ നൽകിയിരുന്നു. അതിനു വിലക്ക് വന്നതോടെ പൂട്ടിയിട്ടു.

പഴയ എക്സ്ചേഞ്ചിനോട് ചേർന്ന് ചുറ്റുമതിൽ കെട്ടിയ ക്വാർട്ടേഴ്സ് വളപ്പിനുള്ളിൽ ഇഴജന്തുക്കൾ ഏറെയുണ്ട്. ഇത് പരിസരവാസികൾക്കും കച്ചവടക്കാർക്കും പ്രശ്നമാവുന്നു. ചുറ്റുമതിലിന്റെ ഒരു ഭാഗം വിണ്ടുകീറി വീഴാൻ പാകത്തിലാണ്. മതിൽക്കെട്ടിനുള്ളിൽ ആർക്കും കടക്കാനാവാത്തതു കൊണ്ട് കെട്ടിടത്തിന്റെ അകത്തും പുറത്തും വൻ ചെടികൾ വളർന്നു.