വീണ്ടും പുതിയ ഉല്ലാസയാത്രയുമായി കെ.എസ്.ആര്‍.ടി.സി; താമരശ്ശേരിയില്‍ നിന്നുള്ള യാത്ര മൂന്ന് മനോഹരമായ സ്ഥലങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്; വിശദാംശങ്ങള്‍ അറിയാം


താമരശ്ശേരി: വിവിധ ഡിപ്പോകളില്‍ നിന്നുള്ള ഉല്ലാസയാത്രകള്‍ വിജയകരമായി തുടരുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പുതിയ യാത്ര അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി ഡിപ്പോയാണ് യാത്രക്കാര്‍ക്കായി പുതിയ ഉല്ലാസയാത്ര ഒരുക്കുന്നത്.

മൂന്ന് സ്ഥലങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതിയ ഉല്ലാസയാത്ര ഡിസംബര്‍ 26 മുതലാണ് ആരംഭിക്കുക. ഒരാള്‍ക്ക് വെറും 650 രൂപ മാത്രമാണ് യാത്രയ്ക്കായി ചെലവ് വരുന്നത്. എന്നാല്‍ ഭക്ഷണം, എന്‍ട്രി ഫീസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നില്ല.

ഈ യാത്രയില്‍ പ്രധാനമായി മൂന്ന് സ്ഥലങ്ങളിലാണ് ആനവണ്ടി യാത്രക്കാരെ കൊണ്ടുപോവുക. തുഷാരഗിരി, കാക്കവയല്‍ വനപര്‍വ്വം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം എന്നിവയാണ് താമരശ്ശേരിയില്‍ നിന്നുള്ള യാത്രയുടെ ലക്ഷ്യസ്ഥാനങ്ങള്‍.

യാത്രയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളെ കുറിച്ച് വിശദമായി അറിയാം:

പൂക്കോട് തടാകം

പശ്ചിമ ഘട്ടത്തില്‍ പ്രകൃതി തലമുറകള്‍ക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകള്‍ക്കിടയില്‍ ഒരിക്കലും വറ്റാതെ നിറഞ്ഞു നില്‍ക്കുകയാണ് തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബല്‍ പൂക്കള്‍ സൗരഭ്യം വിതറുന്ന തടാകക്കരയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ചങ്ങല മരം

വയനാട് ലക്കിടിയില്‍ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്. വിലമതിക്കാനാവാത്ത വിഭവങ്ങള്‍ കടത്തികൊണ്ടുപോകാന്‍ പാത നിര്‍മ്മിക്കുന്നതിനായി ഒരു ബ്രിട്ടീഷ് എന്‍ജിനീയര്‍ കണ്ടെത്തിയ ഒരു മാര്‍ഗദര്‍ശി ആയിരുന്നു കരിന്തണ്ടന്‍. എന്നാല്‍ പാതനിര്‍മാണത്തിന്റെ മുഴുവന്‍ അംഗീകാരവും നേടിയെടുക്കാന്‍ എന്‍ജിനീര്‍ കരിന്തണ്ടനെ വെടിവെച്ചു കൊന്നു. അതിന്റെ ഫലമായി കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിട്ട സ്ഥലമാണ് ചങ്ങല മരം എന്നാണ് ഐതിഹ്യം.

താമരശ്ശേരി ചുരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തു അടിവാരത്തുനിന്നും 12 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചുരത്തിന്റെ ഏറ്റവും ഉയരത്തില്‍ നിന്നും നോക്കിയാല്‍ കോഴിക്കോട് ജില്ല മുഴുവനായും കാണാം. അനശ്വര നടന്‍ ശ്രീ പപ്പുവിന്റെ വാക്കുകളിലൂടെ ഈ ചുരം ഏവര്‍ക്കും സുപരിചിതമാണ്

തുഷാരഗിരി വെള്ളച്ചാട്ടം

മഞ്ഞണിഞ്ഞ മലകള്‍ എന്നര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ കോഴിക്കോട് ജില്ലയിലാണ് പ്രകൃതി രമണീയമായ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഉയരംകൂടിയ ആര്‍ച്ച് മോഡല്‍ പാലം നിര്‍മിച്ചിരിക്കുന്നത് ഇവിടെയാണ്. ധാരാളം മലയാളസിനിമകള്‍ക്ക് വേദിയായ ഒരിടം കൂടിയാണിത്

കാക്കവയല്‍ വനപര്‍വം

ഒട്ടേറെ ഔഷധ സസ്യങ്ങളും, പൂച്ചെടികളും, വൈവിദ്യങ്ങളായ ചിത്ര ശലഭങ്ങളും, കാട്ടരുവിയും തുടങ്ങി പ്രകൃതി കനിഞ്ഞരുളിയ എല്ലാ വൈവിദ്യങ്ങളും ഒത്തുചേര്‍ന്ന പ്രകൃതിയെ തൊട്ടറിയാനുള്ള ഒരു കാവ്യ പര്‍വമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയുമായി ബന്ധപ്പെടാം.

ഫോണ്‍ നമ്പര്‍: 0495 2222217.

മൊബൈല്‍ നമ്പറുകള്‍: 9895218975, 9961062548, 8848490187


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.