വീണ്ടും കൂട്ടി: പാചക വാതക സിലിണ്ടറിന് 25 രൂപ കൂട്ടി; കൊയിലാണ്ടിയിൽ ഒരു സിലിണ്ടറിന് 803 രൂപ
കൊയിലാണ്ടി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനും വില കൂട്ടി. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇതോടെ കൊയിലാണ്ടിയിൽ പുതിയ വില 803 ആയി.
ഫെബ്രുവരി മാസത്തിൽ മൂന്നാം തവണയാണ് പാചകവാതക സിലിണ്ടറിന് വില കൂട്ടുന്നത്. നേരത്തെ ഫെബ്രുവരി 4 ന് 25 രൂപയും, ഫെബ്രുവരി 14 ന് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആകെ 100 രൂപയാണ് ഒരു സിലിണ്ടറിന് വർദ്ധിച്ചത്. ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില ഉയര്‍ന്നത്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർദ്ധനവ്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവന്നിരുന്നത്.