വീട്ടുകാര്‍ക്ക് വാട്ട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ അയച്ചു, പിന്നാലെ അപകടവും മരണവാര്‍ത്തയും; വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച മുളന്തുരുത്തി തുരുത്തിക്കരയിലെ പത്താം ക്ലാസുകാരി ദിയാ രാജേഷിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാര്‍
മുളന്തുരുത്തി: തുരുത്തിക്കരയില്‍ രാജേഷിന്റെയും സിജിയുടെയും ഏക മകളായിരുന്നു ദിയ. കൂട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയ്ക്കായി അത്യാഹ്ലാദത്തോടെ കഴിഞ്ഞ ദിവസം പോയതായിരുന്നു ഈ പത്താം ക്ലാസുകാരി. എന്നാല്‍ മകളുടെത് അവസാനയാത്രയായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിറങ്ങലിച്ചിരിക്കുകയാണ് ദിയയുടെ മാതാപിതാക്കള്‍.
കഴിഞ്ഞരാത്രി വടക്കഞ്ചേരിയില്‍ ഉണ്ടായ ബസ് അപകടത്തിലാണ് തുരുത്തിക്കരയില്‍ ദിയാ രാജേഷ് മരിച്ചത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ദിയ വീട്ടുകാരുമായി ഏറെ സന്തോഷത്തോടെ സംസാരിക്കുകയും ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നെ വീട്ടുകാര്‍ കേള്‍ക്കുന്നത് ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത ദുരന്ത വാര്‍ത്തയായിരുന്നു.
ഏകമകളുടെ മരണവാര്‍ത്തയറിഞ്ഞ വീട്ടുകാരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ദിയയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനായി പിതാവ് രാജേഷാണ് പാലക്കാട്ടേക്ക് പോയത്.
സ്വന്തം വീട്ടിലെ കുട്ടിയെ പോലെയായിരുന്നു ദിയ എന്നാണ് അയല്‍വീട്ടുകാര്‍ പറയുന്നത്. ടൂറ് പോകുന്നതിനെ പറ്റിയെല്ലാം അവള്‍ അയല്‍ക്കാരോട് വാചാലയായി സംസാരിച്ചിരുന്നു. പണമില്ലാത്തതിനാല്‍ ടൂര്‍ പോകുന്ന കാര്യത്തില്‍ ആദ്യം സംശയമുണ്ടായിരുന്നെങ്കിലും സിംഗപ്പൂരില്‍ നിന്ന് വന്ന കൊച്ചച്ഛന്‍ പണം നല്‍കിയതോടെ ടൂറ് പോകുന്ന കാര്യം ഉറപ്പിച്ചു. ഇതെല്ലാം ദിയ തങ്ങളോട് ഏറെ സന്തോഷത്തോടെ പങ്കുവച്ചത് വേദനയോടെ ഓര്‍ക്കുകയാണ് അയല്‍വാസികള്‍. പലരും കണ്ണീരോടെയാണ് ദിയയെ കുറിച്ച് ഓര്‍ക്കുന്നത്.
ദിയ ഉള്‍പ്പെടെ വിനോദയാത്രയ്ക്ക് പോയ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ നാടൊന്നാകെ വിതുമ്പലോടെ അവിടേക്ക് ഒഴുകിയെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
സഹപാഠികള്‍ എല്ലാവരും ,തങ്ങളുടെ സുഹൃത്തുക്കളുടെയും പ്രിയ അധ്യാപകന്റെയും ചേതനയറ്റ ശരീരം കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ട അമ്മമാരില്‍ പലരും മോഹാലസ്യപ്പെട്ട് വീണു. അപകടത്തില്‍ മരിച്ചവരെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌കൂളിലേക്ക് ആയിരങ്ങള്‍ എത്തിയപ്പോള്‍ പൊലീസ് ഏറെ പാടുപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.