വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തി, ചവിട്ടി നനച്ച് ഗ്യാസ് സിലിണ്ടറിന് മീതെയിട്ട് തീയണച്ചു; കേളോത്ത് വയല്‍ സ്വദേശി അഖില്‍ ബാബുവിന്റെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം


പേരാമ്പ്ര: ഗ്യാസ് സിലണ്ടറിന് തീപിടിച്ച് വന്‍ ദുരന്തമാവേണ്ട സാഹചര്യം യുവാവിന്റെ അവസരോജിത ഇടപെടല്‍ മൂലം ഒഴിവായി. ചെമ്പ്ര സ്വദേശി അഖില്‍ ബാബുവിന്റെ ഇടപെടലാണ് ദുരന്തത്തില്‍ നിന്നും വീട്ടുകാരെ രക്ഷിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

ഡി.വൈ.എഫ്.ഐ കേളോത്ത് വയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈകുന്നേരം നടന്ന ധീരജ് അനുസ്മരണ ജ്വാലയിലേക്ക് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചതിനെ തുടര്‍ന്ന് ഭയന്നുവിറച്ച വീട്ടുകാരുടെ നിലവിളി അഖില്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ വീട്ടിലേക്കെത്തിയ അഖില്‍ വീട്ടിലുണ്ടായിരുന്ന ചവിട്ടി നനച്ച് സിലിണ്ടറിന് മീതെയിട്ട് തീയണയ്ക്കുകയായിരുന്നു. കണക്ഷന്‍ ഉരുകിച്ചേര്‍ന്നതിനാല്‍ അത് വിച്ഛേദിക്കാന്‍ സാധിക്കാത്തതിനാല്‍ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഇതു പരിഹരിക്കുകയായിരുന്നു.

നെല്ലിയുള്ള പമ്പിലെ സെമീറിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. അപകട സമയത്ത് സമീറിന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അഖില്‍ ബാബു കൃത്യ സമയത്ത് വീട്ടിലെത്തി തീയണച്ചതിനാലാണ് ദുരന്തമൊഴിവായത്.

കേളോത്ത് വയലില്‍ ചെമ്പ്രയിലെ ബാബുവിന്റെയും ഉമയുടെയും മകനാണ്. അമല്‍ ബാബു സഹോദരനാണ്. കല്ലാനോട് സെന്റ്‌മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അഖില്‍ ബാബു ഡി.വൈ.എഫ്.ഐ കേളോത്ത് വയല്‍ യൂണിറ്റ് പ്രസിഡണ്ടും എസ്.എഫ്.ഐ കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി വൈസ്.പ്രസിഡണ്ടുമാണ്.