വീട്ടിലിരുന്നു മടുത്തോ? അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ ടൂറിസ്റ്റ് സര്‍വീസുമായി കെഎസ്ആര്‍ടിസി; വയലട, തുഷാരഗിരി, പൂക്കോട് എന്നിവിടങ്ങളിലേക്ക് 250 രൂപയ്ക്ക് പോയിവരാം
കോഴിക്കോട്: സംസ്ഥാനമൊട്ടാകെ തരംഗം സൃഷ്ടിച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ചിറകിലേറി പറപറക്കാൻ ജില്ലയും. കോഴിക്കോട് ജില്ലയിൽ രണ്ടു പുതിയ ടൂറിസം സർവീസുകൾ തുടങ്ങാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ആഴ്ചയ്ക്കൊടുവിൽ അവധി ദിവസങ്ങളിലായിരിക്കും സർവീസുകൾ.
ആദ്യഘട്ടമെന്ന നിലയിൽ താമരശ്ശേരി ഡിപ്പോയുടെ കീഴിലാണ് അടുത്തമാസം പുതിയ രണ്ട് സർവീസുകൾ തുടങ്ങുന്നത്. കോഴിക്കോടിന്റെ ഊട്ടിയെന്നറിയപ്പെടുന്ന വയലടയിലേക്കാണ് ആദ്യ ട്രിപ്പ്. രണ്ടാമത്തെ ട്രിപ്പ് തുഷാരഗിരി വഴി താമരശ്ശേരിച്ചുരം കടന്ന് പൂക്കോട് തടാകം വരെ. ഒരു ദിവസത്തെ യാത്രയ്ക്ക് 250 രൂപയായിരിക്കും നിരക്ക്. ജില്ലയിൽ വിനോദസഞ്ചാര സാധ്യതകളുള്ള സ്ഥലം കണ്ടെത്തി കൂടുതൽ സർവീസുകൾ തുടങ്ങുകയാണു ലക്ഷ്യം.
ജില്ലയിലെ എല്ലാ ഡിപ്പോകളും ഇത്തരം സർവീസുകൾ തുടങ്ങാൻ മുന്നോട്ടുവന്നിട്ടുമുണ്ട്. മലപ്പുറത്തുനിന്ന് ഈയിടെ കെഎസ്ആർടിസി ആരംഭിച്ച മൂന്നാർ ട്രിപ്പും മലക്കപ്പാറ ട്രിപ്പും വൻഹിറ്റായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിച്ചതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.