വീടുകള്‍ക്കും സ്‌കൂളിനും ഭീഷണി; കായണ്ണയിലെ പൊറാളി കരിങ്കല്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യം ശക്തം


കായണ്ണബസാര്‍: കായണ്ണ പഞ്ചായത്തില്‍ ആറാം വാര്‍ഡിലെ പൊറാളി കരിങ്കല്‍ ക്വാറിപ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം 27 ദിവസം പൂര്‍ത്തിയാക്കി. ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ടാണ് കായണ്ണ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യാഗ്രമിരിക്കുന്നത്.

പൊറാളി കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനം കാരണം സമീപത്തെ 42 വീടുകള്‍ക്കും കാറ്റുള്ളമല പള്ളിക്കും, സ്‌കുളിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേടുപാടുകളുള്ളതിനാല്‍ കാറ്റുള്ളമല നിര്‍മ്മല എ.യു.പി സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പഞ്ചായത്ത് അധീകൃതര്‍ തയ്യാറാകുന്നില്ലെന്ന് സമരസമിതി അംഗം ജോബി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. താഹ്സിൽദാർ സ്ഥലം സന്ദർശിച്ച് ക്വാറിക്ക് എതിരായിട്ടുള്ള റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനം നിർത്തിവെച്ചില്ലെന്നും ജോബി ആരോപിച്ചു.

ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന എട്ട് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്വാറിയിലെ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സമരസമിതിക്കാര്‍ ആരോപിച്ചു. 2017 ലാണ് കായണ്ണയില്‍ പൊറാളി കരിങ്കല്‍ ക്വാറിപ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ 2019 ല്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് ക്വാറി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തുകയായിരുന്നു.

പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരത്തില്‍ എത്തിയപ്പോള്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉപസമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്വാറിക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കുകയായിരുന്നു. നാല് അടിയില്‍ പതിനഞ്ച് കുഴികളില്‍ സ്‌പോടനം നടത്താനാണ് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ കൂടുതലാണ് ക്വാറിയില്‍ പൊട്ടിക്കുന്നതെന്ന് ജോബി ആരോപിച്ചു.

വിവിധ തരത്തിലുള്ള സമരവുമായാണ് സമരസമിതി മുന്നോട്ടു നീങ്ങുന്നത്. ഗാന്ധിജയന്തി ദിനത്തിൽ എരപ്പാന്തോട് ഉപവാസം സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ അടുപ്പുകൂട്ടി സമരമാണ് നടത്തിയത്. ക്വാറിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.