വീടിനുള്ളില്‍ നിന്നും അസാധാരണ ശബ്ദം; കാരണമറിയാതെ ആശങ്കയിലായി കോഴിക്കോട് സ്വദേശി ബിജുവും കുടുംബവും


 

കോഴിക്കോട്: വീടിനുള്ളില്‍ കേള്‍ക്കുന്ന മുഴക്കത്തിന്റെ കാരണമറിയാതെ വീട്ടുകാര്‍ ആശങ്കയില്‍. പോലൂര്‍ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണു രണ്ടാഴ്ചയായി ഠും, ഠും എന്ന മട്ടില്‍ മുഴക്കം കേള്‍ക്കുന്നത്. മുന്‍പു രാത്രി മാത്രമാണു ശബ്ദം കേട്ടിരുന്നതെങ്കില്‍ രണ്ട്‌ ദിവസവമായി പകലും കേള്‍ക്കാന്‍ തുടങ്ങി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി പല തവണയായി മുഴക്കം കേട്ടു.

ഡൈനിങ് ഹാളില്‍ പാത്രത്തില്‍ നിറച്ചു വച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു. വീടിനു താഴെ നില്‍ക്കുമ്പോള്‍ മുകളില്‍ നിന്നും മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ നിന്നും കേള്‍ക്കുന്ന തരത്തിലാണു ശബ്ദം. വീട് നിര്‍മ്മിച്ച് അഞ്ച് വര്‍ഷമായി ബിജുവും കുടുംബവും ഇവിടെ താമസിച്ചു വരുന്നുണ്ട്. മുകള്‍ നിലയിലേക്കുള്ള പ്രവൃത്തി അടുത്താണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ അഞ്ചു വര്‍ഷ കാലയളവില്‍ ഇത്തരം ശബ്ദമോ മറ്റും ഉണ്ടായിട്ടില്ലെന്നാണ് ബിജു പറയുന്നത്. സമീപത്തുള്ള തറവാട് വീട്ടിലേക്കും ഈ ശബ്ദം കേള്‍ക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ പലതവണയായി ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേനയെ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ രാത്രി ഏഴരയോടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്ന് വിദഗ്ധ പരിശോധന ആവശ്യമാണെന്നു കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇതു പ്രകാരം ഉദ്യോഗസ്ഥ സംഘം എത്തി പരിശോധന നടത്തി.

ജില്ലാ ജിയോളജിസ്റ്റ് എം.രാഘവന്‍, ജില്ലാ മണ്ണു സംരക്ഷണ ഓഫിസര്‍ ടി.പി.ആയിഷ, അസി. ജിയോളജിസ്റ്റ് കെ.കെ.വിജയ, അഗ്‌നിരക്ഷാസേന വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാബുരാജ് എന്നിവരാണ് ബിജുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.