വി എസ് അച്യുതാനന്ദന് പോസ്റ്റൽ വോട്ട് അനുവദിക്കാത്തത് നിയമപരം; ജനങ്ങൾ ഭയമില്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ


തിരുവനന്തപുരം: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌കരൻ. പോളിംഗ് ബൂത്തിൽ വരുമ്പോൾ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ജനങ്ങൾ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ഭാസ്‌കരൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പോസ്റ്റൽ വോട്ട് അനുവദിക്കാത്തത് നിയമപരമായാണെന്നും, കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാത്രമേ ചട്ടപ്രകാരം പോസ്റ്റൽ വോട്ട് അനുവദിക്കാനാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.

സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റിന്റെ കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും ഇതിനായി കൃത്യമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ ആവർത്തിച്ചു.