വിഷുസദ്യയൊരുക്കാന്‍ കാക്കൂരിലെ പാടങ്ങളില്‍ പച്ചക്കറി വിളഞ്ഞു
കാക്കൂര്‍: കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരി കുനിയടിത്താഴത്തെ വയല്‍ വിഷുവിനായി ഒരുങ്ങിയിരിക്കുകയാണ്. വിഷുസദ്യയൊരുക്കാനുള്ള പച്ചക്കറി കൃഷിയാണ് കാക്കൂരിലെ വയലുകളില്‍ ഒരുങ്ങിയത്.
കുനിയടിത്താഴത്തെ ഏഴ് ഏക്കറോളംവരുന്ന വയലില്‍ 140-നടുത്ത് കുടുംബങ്ങളാണ് കാക്കൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ പച്ചക്കറികൃഷി നടത്തുന്നത്.
കുനിയടത്താഴത്തെ പച്ചക്കറികൃഷിയില്‍ പ്രദേശത്തെ മിക്ക കുടുംബങ്ങളും പങ്കാളികളാകുന്നുണ്ട്.
വെള്ളരി, ചീര, തണ്ണിമത്തന്‍, പയര്‍, വെണ്ട, കക്കിരി, പടവലം, മത്തന്‍, ചുരങ്ങ, തക്കാളി, പച്ചമുളക്, വഴുതിന തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് വയലില്‍ കൃഷി ഇറക്കിയിരിക്കുന്നത്. വളവും കീടനിയന്ത്രണവും ജൈവരീതിയിലാണെന്ന് ജനകീയ കൂട്ടായ്മയുടെ കണ്‍വീനര്‍ പുതുക്കോത്തുംകണ്ടി ഗിരീഷ് കുമാര്‍ പറഞ്ഞു.