വിവാദ മരംമുറിയില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വം; മന്ത്രി കെ രാജന്‍


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിനെ കുറിച്ച് പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടുനിന്നവരെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ചിലരുടെ ദുരുപയോഗം ഉത്തരവിന്റെ കുഴപ്പമല്ല. ഉത്തരവിന്റെ പേരില്‍ റവന്യൂ വകുപ്പ് മത്രമായി മുള്‍മുനയിലാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത പ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും.

സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ല. ഉത്തരവ് പുതുക്കി ഇറക്കുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കര്‍ഷകരുടേയും മേഖലയിലെ ജനങ്ങളുടെയും ആവശ്യം പരിഗണിച്ചായിരിക്കും തുടര്‍ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.