വിള തിന്നുതീര്‍ത്ത് ആഫ്രിക്കന്‍ ഒച്ച്; മരുതോങ്കരയിലെ കര്‍ഷകര്‍ ദുരിതത്തില്‍


കുറ്റിയാടി: മരുതോങ്കര പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം. പഞ്ചായത്തിലെ പന്നിമുക്കന്‍ ഭാഗത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമുള്ളത്. ‘രാക്ഷസ ഒച്ച്’ എന്ന് കൂടി വിശേഷണമുള്ള ഇത് കാര്‍ഷിക വിളകളില്‍ അള്ളിപ്പിടിച്ചു കയറി ഇലകളും അടിക്കാമ്പും മറ്റും ആഹാരമാക്കുകയാണ്. ‘അക്കാറ്റിന ഫുലിക്ക’ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.

സാനിറ്റൈസര്‍ തളിച്ചും കല്ലുപ്പ്, തുരിശ് എന്നിവ വിതറിയും ഇവയെ ഉന്മൂലനം ചെയ്യുകയാണ് പതിവ്. മണ്ണില്‍ കുമ്മായം വിതറിയാല്‍ ഇവയുടെ വംശവര്‍ധന തടയാനാകുമെന്നും പറയുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവരുന്ന കാലിവളങ്ങളിലൂടെയാണ് ഇവ എത്തുന്നതെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറയുന്നു. പഞ്ചായത്തിലെ ചില തെങ്ങിന്‍തോപ്പുകളിലും മറ്റും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം പഞ്ചായത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള ആശങ്കയകറ്റാന്‍ ഫലപ്രദമായ നടപടികള്‍ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.