വിലയേറിയ ബൈക്കുകള്‍ മോഷ്ടിച്ചു വില്‍ക്കുന്ന സംഘം കോഴിക്കോട് പിടിയില്‍



കോഴിക്കോട്:
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമിയിടിഞ്ഞകുഴിയിൽ അരുൺ കുമാർ (22), അജയ് (22) എന്നിവരെയാണ് ചേവായൂർ പൊലീസും ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ബൈക്കും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ ചേവായൂർ എസ്ഐ എസ്.എസ്.ഷാനിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിമാടുകുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

കുന്നമംഗലം ഭാഗത്തു നിന്നു മോഷ്ടിച്ച ബൈക്കുമായി മലാപ്പറമ്പിലേക്ക് വരികയായിരുന്നു പ്രതികൾ. മോഷ്ടിച്ച ശേഷം വാഹനത്തിനു രൂപമാറ്റം വരുത്തുകയാണു പതിവെന്നും, ലഹരി മരുന്ന് ഉപയോഗിക്കുന്ന ഇവർക്ക് മറ്റു സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

മോഷ്ടിച്ച വാഹനങ്ങളിൽ പലതും വിൽപന നടത്തിയതായി ചേവായൂർ ഇൻസ്പെക്ടർ കെ. ചന്ദ്രമോഹനൻ പറഞ്ഞു. ചേവായൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സി. അഭിജിത്ത്, പി. രഘുനാഥ്, സീനിയർ സിപിഒ സുമേഷ് നന്മണ്ട, സിപിഒ ടി. ശ്രീരാഗ്, ജില്ലാ ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (‍ഡാൻ‌സാഫ്) അംഗങ്ങളായ എഎസ്ഐ എം. സജി, സീനിയർ സിപിഒമാരായ കെ. അഖിലേഷ്, കെ.എ. ജോമോൻ, സിപിഒ എം. ജിനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.