വിലങ്ങാട് പുള്ളിപ്പുലിയുടെ കാല്‍പ്പാടുകള്‍ കണ്ട സംഭവം: ആശങ്കയില്‍ നാട്ടുകാര്‍; പുള്ളപ്പുലികള്‍ നാട്ടിലിറങ്ങിയാലും കാട്ടിലേക്ക് തിരിച്ചുപോകുമെന്ന് ഡി.എഫ്.ഒ


നാദാപുരം: പുള്ളിപ്പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ വിലങ്ങാട് പാനോത്ത് വനം അധികൃതരുടെ സംഘം പരിശോധന നടത്തി. വലിയ പാനോത്ത് കൂടുതല്‍ വ്യക്തതയുള്ള കാല്‍പ്പാടുകള്‍ അധികൃതര്‍ കണ്ടെത്തി.

എസ്.എ.ഒ കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.കെ അര്‍ജുന്‍ രാജ്, പി.കെ സുബിഷ എന്നിവരും വാച്ചര്‍മാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

അതേസമയം, കുരിശുപള്ളിയ്ക്കു സമീപം ചെളിയില്‍ കണ്ട കാല്‍പ്പാടുകള്‍ പുള്ളിപ്പുലിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും പുള്ളിപ്പുലികള്‍ നാട്ടിലിറങ്ങിയാലും കാട്ടിലേക്കു തന്നെ തിരിച്ചു പോകാറുണ്ടെന്ന് ഡി.എഫ്.ഒ രാജീവന്‍ എം അറിയിച്ചു.

തീര്‍ത്ഥാടനത്തിനെത്തിയ യുവാക്കളാണ് പാനോത്ത് കാല്‍പ്പാടുകള്‍ ആദ്യം കണ്ടത്. വയനാടന്‍ കാടുകളുമായി അടുത്തുനില്‍ക്കുന്ന പ്രദേശമാണ് വലിയ പാനോം. രണ്ടുമാസം മുമ്പ് ഇവിടെ ഒരു വളര്‍ത്തുനായ വന്യമൃഗത്തിന്റെ കടിയേറ്റ് ചത്തിരുന്നു.