വിലങ്ങാട് പാനോത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
നാദാപുരം: വിലങ്ങാട് പാനോത്ത് കുരിശുപള്ളിക്കു സമീപം കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുള്ളിപ്പുലിയുടേതെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. വയനാടന്‍ കാടുകളുമായി അടുത്തുനില്‍ക്കുന്ന പ്രദേശമാണ് വലിയ പാനോം. രണ്ടുമാസം മുമ്പ് ഇവിടെ ഒരു വളര്‍ത്തുനായ വന്യമൃഗത്തിന്റെ കടിയേറ്റ് ചത്തിരുന്നു.
വിലങ്ങാട് നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കുരിശുപള്ളിയ്ക്കു സമീപത്ത് കഴിഞ്ഞദിവസമാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇവിടെയെത്തിയ ഒരു കൂട്ടം യുവാക്കളുടെ ശ്രദ്ധയില്‍ കാല്‍പ്പാടുകള്‍ പെടുകയും അവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന സംശയം നാട്ടുകാര്‍ പങ്കുവെച്ചതോടെയാണ് വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് പുള്ളിപ്പുലിയുടെ കാല്‍പ്പാടുകളാണിതെന്ന് സ്ഥിരീകരിച്ചത്.