വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍. ഹോർട്ടികോർപ്പ് വഴി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു. ഒരാഴ്ചക്കുള്ളിൽ വിലവർധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് 20 ടൺ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയിൽ എത്തിച്ചു. ഇത് ഹോർട്ടികോർപ്പ് വഴി തെക്കൻ ജില്ലകളിൽ വിതരണം ചെയ്യും.

ഹോർട്ടികോർപ്പിന്‍റെയും വി.എഫ്.പി.സി.കെയുടെയും പ്രവർത്തന രീതികളിൽ അഴിച്ചുപണി നടത്തും. ഇരു സ്ഥാപനങ്ങൾക്കും കാലാനുചിതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയിൽ കൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറി തൈകൾ നൽകാനും നിർദേശം നൽകി.