‘വിറാസി’ന്റെ പ്രഥമ കവിതാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന് സമ്മാനിച്ചു; പുരസ്കാരം പ്രവാചകനെ കുറിച്ചുള്ള കവിതയ്ക്ക്


താമരശ്ശേരി: മര്‍ക്കസ് നോളജി സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സ് (വിറാസ്) ഏര്‍പ്പെടുത്തിയ പ്രഥമ കവിതാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന് സമ്മാനിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യം, യൗവനം, സ്വഭാവ വൈശിഷ്ട്യങ്ങള്‍, പാലയനം, അധ്യാപനങ്ങള്‍, വ്യക്തിജീവിതം തുടങ്ങി വിവിധ മേഖലകള്‍ പ്രമേയമാക്കി എഴുതിയ കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച കവിതയ്ക്കാണ് പുരസ്‌കാരം നല്‍കിയത്. കല്‍പ്പറ്റ നാരായണന്റെ ‘പ്രവാചകനോട്’ എന്ന കവിതയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രവാചകന്റെ ജീവിതത്തിലെ ‘ഉമ്മിയ്യ്’ എന്ന സങ്കല്‍പ്പത്തെയാണ് കല്‍പ്പറ്റ നാരായണന്‍ ഈ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പുരസ്‌കാരം നേടിയ കല്‍പ്പറ്റ നാരായണന് ആശംസയര്‍പ്പിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വര്‍ണ്ണിച്ചാല്‍ തീരാത്തതും, വാക്കുകള്‍ക്കധീതവുമാണ് തിരുനബിയുടെ ജീവീതം. അവിടുത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് സ്വഹാബത്തിന്റെ കാലം മുതല്‍ ഇങ്ങോട്ട് വ്യത്യസ്തമായ രീതികള്‍ ലോക ജനത സ്വീകരിച്ചുപോരുന്നുണ്ട്. മുത്തു നബിയുടെ മാതൃകാ ജീവിതത്തെ പാടിയും പറഞ്ഞും പ്രകീര്‍ത്തിക്കുന്നതും അതിന്റെ പൊരുള്‍ മാലോകരിലേക്കെത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്.

തിരു ജീവിതത്തെ പഠിക്കാനും മാതൃകയാക്കാനുമുള്ള സാധ്യതകള്‍ അത് തുറന്നിടുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി മര്‍കസ് നോളേജ് സിറ്റി, വിറാസ് സംഘടിപ്പിക്കുന്ന ‘മീം’ കവിയരങ്ങ് പരിപാടി ഇത്തരത്തിലുള്ള ഒരുപാട് സവിശേഷതകള്‍ നിറഞ്ഞതാണ്. തിരു ജീവിതത്തിന്റെ വിവിധ ഏടുകളെ അവിടുത്തെ സ്‌നേഹിക്കുന്ന കവി ഹൃദയങ്ങള്‍ കാവ്യങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന മനോഹരമായ വേദിയാണ് ‘മീം’.

സരളമായ ഭാഷയില്‍ വിശാലമായ ആശയ പ്രപഞ്ചങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കവി, ശ്രീ കല്‍പ്പറ്റ നാരായണന്‍ മീമിന്റെ ആദ്യ വര്‍ഷ പരിപാടിയില്‍ രചിച്ച ‘പ്രവാചകന്‍’ എന്ന കവിതക്ക് ഇന്നലെ നടന്ന മീം മൂന്നാം എഡിഷന്റെ ഉദ്ഘാടന വേദിയില്‍ അവാര്‍ഡ് നല്‍കുകയുണ്ടായി. വാക്കുകള്‍കൊണ്ട് വരച്ചിടാനാവാത്തത്ര വിശാലവും അനന്തവുമായ തിരുനബി ജീവിതം പരിമിതമായ വാക്കുകളില്‍ ചുരുക്കി അവതരിപ്പിക്കുക മാത്രമാണ് കവി മനസ്സുകള്‍ ചെയ്യുന്നത്.

‘മുഹമ്മദീയ പ്രണയത്താല്‍ വിശന്നലഞ്ഞവര്‍ വരുമീയരങ്ങത്ത് എന്നദ്ദേഹം ഇന്നലെ പാടിയത് ഏറെ ഹൃദ്യമായി തോന്നി. വ്യത്യസ്തമായ ആവിഷ്‌കരണ രീതികള്‍ കൊണ്ട് ശ്രദ്ധേയമായ ‘മീം’ തിരുനബി സ്‌നേഹികളായ മലയാളി ഹൃദയങ്ങളില്‍ അനല്പമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഭാവുകങ്ങള്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.