വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽനിന്ന് രണ്ടു കുഞ്ഞുങ്ങളെ സാഹസികമായി രക്ഷിച്ച് ഏഴാം ക്ലാസ് വിദ്യാർഥി
നാദാപുരം: കശാപ്പിനു കൊണ്ടു പോകുന്നതിനിടെ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍നിന്ന് അതിസാഹസികമായി രണ്ടു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ഏഴാം ക്ളാസ് വിദ്യാര്‍ഥി ഷാനിസ് അബ്ദുല്ല നാടിനഭിമാനമായി. കടമേരി കീരിയങ്ങാടി സ്വദേശി താഴെ നുപ്പറ്റ അബ്ദുല്‍ അസീസ് സുഹറ ദമ്പതികളുടെ മകന് പന്ത്രണ്ടുവയസ്സുകാരന് ഷാനിസ് അബ്ദുല്ലയാണ് പോത്തിനു മേല്‍ ചാടിവീണു കുട്ടികളെ രക്ഷപ്പെടുത്തിയത്. സഹോദരി തന്‍സിഹ ഷെറിന്റെ മക്കളായ മെഹബിസ് ബത്തൂല്‍ (5), അനൂന ബത്തൂല്‍ (2) എന്നിവരെയാണു ഷാനിസ് രക്ഷിച്ചത്.
അസീസിന്റെ മകന് ഷാനിസും സഹോദരി തന്‍സിഹ നസ്രീന്റെ രണ്ട് ചെറിയ കുട്ടികളും മുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് അക്രമിക്കാന്‍ എത്തിയത്. വഴിനീളെയുള്ള പരാക്രമത്തില്‍ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാര്‍ന്ന രീതിയില്‍ കുതിച്ചെത്തിയ പോത്ത് ആദ്യം രണ്ടര വയസ്സുള്ള ബാലികയെ അക്രമിക്കാനൊരുങ്ങുകയായിരുന്നു. ഇതുകണ്ട ഷാനിസ് ജീവന് പണയംവെച്ച് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും പോത്തിന്റെ ചോരപുരണ്ടെങ്കിലും ഒരു പരിക്കുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഏറെ നേരം വീടിന് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്ത് കോഴിക്കൂട് തകര്‍ക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു.
നാദാപുരത്ത്നിന്ന് ഇറച്ചിവില്പ്പനക്കായി കച്ചവടക്കാര്‍ കൊണ്ടുവന്ന പോത്താണ് കയര്‍പൊട്ടിച്ച് പ്രദേശത്തെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഏറെ നേരത്തേ ശ്രമഫലമായി പ്രദേശവാസികള്‍ പോത്തിനെ കീഴടക്കി. നാദാപുരം എ.എസ്.ഐ. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വാര്‍ഡ് മെമ്പര്‍ ടി.കെ. ഹാരിസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
രണ്ടു പേരുടെയും ജീവന് തിരിച്ചു കിട്ടിയത് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്നും വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഞൊടിയിടയില്‍ സംഭവിച്ചതെന്നും പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞു. കടമേരി മാപ്പിള യു.പി.സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയായ ഷാനിസ് അബ്ദുല്ലയുടെ ധീരതയെ നാട്ടുകാര്‍ അനുമോദിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക