വിധിയെഴുതാന്‍ ജനം നാളെ പോളിംഗ്ബൂത്തിലേക്ക്


കോഴിക്കോട്: ജില്ലയിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. നാടിനെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ദിനം. നാളെ രാവിലെ ഏഴിനും വൈകിട്ട് ഏഴിനുമിടെ നടക്കുന്ന വോട്ടെടുപ്പിനായി ജില്ലയില്‍ 3790 ബൂത്തുകളും സജ്ജം. എല്‍ഡിഎഫിന്റെ തുടര്‍വിജയത്തിന്റെയും തുടര്‍ഭരണത്തിന്റെയും ആരവമാണെങ്ങും ഉയരുന്നത്.


13 മണ്ഡലങ്ങളിലായി 25,58,679 പേര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. 13,19,416 സ്ത്രീകളും 12,39,212 പുരുഷന്മാരും 51 ട്രാന്‍സ് ജെന്‍ഡര്‍മാരും. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 87,726 വോട്ടര്‍മാര്‍കൂടി പുതുതായി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് 23,682 ജീവനക്കാരെയാണ് വിന്യസിച്ചത്. പോളിങ് സ്റ്റേഷനുകളില്‍ നാലുവീതം ജീവനക്കാരുണ്ടാവും. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സിറ്റിയില്‍ 2417 ഉം റൂറലില്‍ 4817 ഉം പൊലീസ് ഉദ്യോഗസ്ഥരാണ് ക്രമസമാധാനപാലനത്തിനുണ്ടാവുക. 852 കേന്ദ്രസേനാ ഉദ്യോഗസ്ഥരും 1562 സ്പെഷ്യല്‍ പൊലീസുകാരും ഡ്യൂട്ടിക്കുണ്ട്.

24 വീതം സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമും ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡും റൂറല്‍ പരിധിയില്‍ നിരീക്ഷണത്തിനുണ്ട്. കോവിഡ് കാലമായതിനാല്‍ വോട്ട് ചെയ്യുന്നതിന് മുമ്പില്ലാത്ത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭിന്നശേഷിക്കാര്‍, 80 കഴിഞ്ഞവര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തി. 33,734 പേരാണ് മൂന്ന് ദിവസങ്ങളിലായി ഇങ്ങനെ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിന് അവധിയില്ലാതെ പ്രവര്‍ത്തിക്കുന്നവരില്‍ 12,260 പേരും മുന്‍കൂറായി വോട്ട് ചെയ്തു. ബൂത്തുകളില്‍ തെര്‍മല്‍ സ്‌കാനര്‍, കൈകഴുകാനുള്ള സൗകര്യം, സാനിറ്റൈസര്‍ എന്നിവയുണ്ടാകും.