വിദ്യാര്‍ഥിയുടെ മുങ്ങിമരണം: കക്കയം കരിയാത്തുംപാറ ടൂറിസം കേന്ദ്രം അടച്ചു


കൂരാച്ചുണ്ട്: കരിയാത്തുംപാറ പുഴയില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടതായി കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കൂരാച്ചുണ്ട് പോലീസിന് കൈമാറി.

തിങ്കളാഴ്ച വൈകീട്ടാണ് തലശ്ശേരി പാനൂരില്‍ നിന്നും വന്ന മിഥിലാജ് എന്ന പതിനേഴുകാരന്‍ മുങ്ങി കുളിക്കുന്നതിനിടെ പാറമടയില്‍ കുടുങ്ങി മരിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള നിരവധി മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

മരണപ്പെട്ട മിഥിലാജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ കൂരാച്ചുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടക്കും. പാനൂര്‍ പാറാലിലെ പള്ളിയിലാണ് മിഥിലാജിന് അന്ത്യവിശ്രമം.