വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്! സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി നവംബര്‍ 11



തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവര്‍) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവരാണ് പുതുക്കാന്‍ അപേക്ഷ നല്‍കേണ്ടത്.

സ്‌കോളര്‍ഷിപ്പ് പുതുക്കാനായി www.minoritywelfare.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി നവംബര്‍ 11.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് ആയാണ് തുക നല്‍കുക. ഒരു വിദ്യാര്‍ഥിക്ക് ഇതില്‍ ഏതെങ്കിലുമൊന്നിന് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 5,000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 6,000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.: 0471-2302090, 2300524.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.