വിദ്യാര്‍ത്ഥിളെ നൂതന സാങ്കേതിക വിദ്യയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എഡ്യൂ മിഷന്‍ ഇന്നവേഷന്‍ലാബുകള്‍; പദ്ധതിക്ക് ബാലുശ്ശേരിയില്‍ തുടക്കമായി


ബാലുശ്ശേരി : ജില്ലാഭരണകൂടം വിദ്യാഭ്യാസവകുപ്പിന്റെ പിന്തുണയോടെ നടത്തുന്ന എജ്യുമിഷന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഇന്നൊവേഷൻ ലാബ് ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമായി. 20 ലക്ഷം രൂപയാണ് ലാബിനുവേണ്ടി ജില്ലാഭരണകൂടം അനുവദിച്ചത്.

കളക്ടർ സാംബശിവറാവുന്റെ ആശയങ്ങളാണ് ഇന്നൊവേഷൻ ലാബിലൂടെ യാഥാർഥ്യമാക്കിയത്. ജില്ലയിൽ മൂന്നുസ്കൂളുകളിലാണ് ഇപ്പോൾ ഇന്നൊവേഷൻ ലാബുകൾ സജ്ജമാകുന്നത്. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് കളക്ടർ സാംബശിവറാവു സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാർഥികളുമായി ഓൺലൈനിലൂടെ അദ്ദേഹം സംവദിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ ബി. മധു എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രിൻസിപ്പൽ ആർ. ഇന്ദു, പ്രധാനാധ്യാപിക കെ. രജനി, പി.ടി.എ. പ്രസിഡന്റ് ജാഫർ രാരോത്ത്, യു.കെ. ഷജിൽ എന്നിവർ കളക്ടറെ സ്വീകരിച്ചു.

മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ, ബാലുശ്ശേരി ഗവ.ഗേൾസ് സ്കൂൾ, പെരുമണ്ണ ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് ലാബുകൾ ഒരുക്കുന്നത്. എൻ.ഐ.ടി., കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ പിന്തുണയോടെ സാങ്കേതിക നൈപുണികളും പരിശീലനങ്ങളും കുട്ടികൾക്കും അധ്യാപകർക്കുമുള്ള പരിശീലന മൊഡ്യൂളുകളും ലാബിനൊപ്പം ഒരുങ്ങുന്നുണ്ട്.

വിദ്യാർഥികളെ ഭാവിയിലേക്ക് കൈപിടിച്ചുയർത്താനുള്ള സ്വപ്നപദ്ധതിയാണ് എജ്യു മിഷൻ ഇന്നൊവേഷൻ ലാബുകൾ ലക്ഷ്യമിടുന്നതെന്ന് കളക്ടർ സാംബശിവറാവു പറഞ്ഞു.

വിദ്യാർഥികൾക്ക് അടിസ്ഥാന കംപ്യൂട്ടർ പ്രോഗ്രാമിങ്‌ ഭാഷകൾ കൈകാര്യംചെയ്യൽ, ഡിസൈൻ തിങ്കിങ്‌, മൈക്രോപ്രൊസസറുകളുപയോഗപ്പെടുത്തിയുള്ള രൂപകല്പനകൾ, റോബോട്ടിക്സ്, പുതിയആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള തിങ്കിങ്‌ഹബ്, വിവിധ തരം കിറ്റുകൾ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകൾ നിർമിക്കൽ തുടങ്ങിയവയ്ക്ക് ലാബുകൾ വഴിയൊരുക്കും. പ്രോഗ്രാമിങ്, കോഡിങ് ഭാഷകൾ കൈകാര്യം ചെയ്യൽ, ആശയങ്ങളും പ്രോട്ടോടൈപ്പുകളും വികസിപ്പിക്കാൻ പഠിപ്പിക്കൽ, എന്നിവകൂടാതെ സ്കൂളുകളെ നൂതന സാങ്കേതികവിദ്യാ ഹബ്ബാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

എഡ്യൂ മിഷൻ പദ്ധതിയുടെ ഭാഗമായ നൈപുണ്യ വികസനപരിപാടികൾക്ക് വിദ്യാഭ്യാസവകുപ്പിനൊപ്പം ചേർന്ന് നേതൃത്വം നൽകുന്നതും ഉപദേശങ്ങൾ നൽകുന്നതും ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ.കെ. കുട്ടി, സ്റ്റാർട്ടപ്പ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് റിയാസ്, ഡോ. മുഹമ്മദ്‌ ഷാഹിൻ, അജയൻ കാവുങ്കൽ ഡോ. സുജ, ഡോ. രവിവർമ, മെഴ്സി പ്രിയ, യു.കെ. അബ്ദുന്നാസർ എന്നിവരടങ്ങിയ എഡ്യൂമിഷൻ സ്കീൽ കോർ ടീം അംഗങ്ങളാണ്. ജില്ലാനിർമിതി കേന്ദ്രമാണ് ലാബ് രൂപകല്പന ചെയ്യുന്നതും ഉപകരണങ്ങൾ ലഭ്യമാക്കുന്നതും.