വിദ്യാര്‍ത്ഥികള്‍ അറിയാന്‍; കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശനവിഭാഗത്തിന് പുതിയ വെബ്സൈറ്റ്, കോഴ്സും കോളേജും എളുപ്പം തിരഞ്ഞെടുക്കാം


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശനവിഭാഗത്തിന് വിദ്യാര്‍ഥി സൗഹൃദവും സമഗ്രവുമായ പുതിയ പോര്‍ട്ടല്‍ തുറന്നു. https://admission.uoc.ac.in എന്നതാണ് വിലാസം. ബിരുദം, പി.ജി., പി.എച്ച്.ഡി. എന്നിവയുള്‍പ്പെടെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ ഇനി ഇതുവഴിയാകും. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ് നിര്‍വഹിച്ചു.

സര്‍വകലാശാലക്കു കീഴിലുള്ള മുഴുവന്‍ കോളേജുകളുടെയും കോഴ്സുകളുടെയും വിവരങ്ങള്‍ അനുയോജ്യമായ രീതിയില്‍ സെലക്ട് ചെയ്യുന്നതിന് ഒന്നിലധികം ഫില്‍റ്ററുകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ്, വനിത, കമ്മ്യൂണിറ്റി കോളേജ് എന്നിവ ജില്ലാ അടിസ്ഥാനത്തില്‍ ഫില്‍റ്റര്‍ ചെയ്ത് അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഓരോ കോളേജിലെയും കോഴ്‌സുകള്‍, സീറ്റുകളുടെ എണ്ണം, കാറ്റഗറി ടൈപ്പ് (എയ്ഡഡ്/സ്വാശ്രയം) എന്നിവയും തരം തിരിച്ചു ലഭ്യമാണ്.

കോളേജുകളുടെ ഗൂഗിള്‍ മാപ്പ് ലൊക്കേഷനുകള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, വെബ്സൈറ്റ് വിലാസം എന്നിവയുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ കോഴ്സുകളെ മുന്‍നിര്‍ത്തി കോളേജുകളെയും തിരിച്ചും തിരഞ്ഞെടുക്കാനുള്ള സൗകര്യം കോഴ്സ് ഡീറ്റൈയില്‍സ് എന്ന ലിങ്കില്‍ ലഭ്യമാണ്. കോഴ്‌സുകളുടെ യോഗ്യതകള്‍ അലോട്ടുമെന്റിന് ആധാരമായ ഇന്ഡക്സിങ് മാനദണ്ഡങ്ങള്‍ എന്നിവ മുന്‍കൂട്ടി തീരുമാനിക്കാനും പ്രവേശനടപടികള്‍ എളുപ്പത്തിലാക്കാനും പോര്‍ട്ടല്‍ സഹായകമാവും.

കഴിഞ്ഞ വര്‍ഷത്തെ അലോട്ടുമെന്റിലെ അവസാന ഇന്‍ഡക്സ് മാര്‍ക്ക് വിവരങ്ങള്‍ റിസര്‍വേഷന്‍ കാറ്റഗറി അനുസരിച്ച് അറിയാനും സൗകര്യമുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വിദ്യാര്‍ഥികള്‍ക്കും കോളേജധികൃതര്‍ക്കും കൂടുതല്‍ സൗകര്യമായ തരത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പോര്‍ട്ടല്‍ തയ്യാറാക്കിയതെന്ന് കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് അറിയിച്ചു.

അഡ്മിഷന്‍ സംബന്ധിച്ച മുഴുവന്‍ ഫീസുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്. കോളേജുകളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഇ-മെയില്‍, ഫോണ്‍ നമ്പര്‍ ഉപയോഗപ്പെടുത്തികൊണ്ട് കോളേജില്‍ നേരിട്ടു വരാതെ തന്നെ പ്രവേശനാവശ്യങ്ങള്‍ നിറവേറ്റാനാവും.