വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ ആക്രി ചലഞ്ച്; ചക്കിട്ടപ്പാറ പഞ്ചായത്തിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്ത് നടപ്പിലാക്കിയ ആക്രി ചലഞ്ചിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും അവര്‍ക്കാവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനും ആവശ്യമായ ധനസമാഹരണത്തിനായാണ് പഞചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ചലഞ്ച് സംഘടിപ്പിച്ചത്. പരിപാടി ജനങ്ങളുെ ഏറ്റെടുത്തതോടെ ചലഞ്ച് വന്‍വിജയമായി.

ആക്രി ചലഞ്ചിലൂടെ രണ്ടര ലക്ഷം രൂപ സമാഹരിച്ചതിനാണ് ചക്കിട്ടപ്പാറപഞ്ചായത്തിനെ കളക്ടര്‍ അഭിനന്ദിച്ചത്. കോഴിക്കോട് ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആക്രി ചലഞ്ച് എന്ന വേറിട്ട മാതൃകക്ക് അഭിനന്ദനവുമായി കലക്ടര്‍ എത്തിയത്.

ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം
ചക്കിട്ടപാറ പഞ്ചായത്തിന്റെ വേറിട്ട മാതൃക
ആക്രി ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ടര ലക്ഷം. ആദിവാസികള്‍ ഉള്‍പ്പെടെ പിന്നാക്ക ജനവിഭാഗങ്ങള്‍ ഏറെയുള്ള മലയോര മേഖലയില്‍ എല്ലാവര്‍ക്കും
ഡിജിറ്റല്‍ ഓണ്‍ലൈന്‍ പഠനസൗകര്യം
ഒരുക്കാനുള്ള മുഴുവന്‍ സാധ്യതകളും പരീ ക്ഷിക്കുകയാണ് ചക്കിട്ടപ്പാറ പഞ്ചായത്ത്.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍
പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍നിന്ന് ആക്രി സാധനങ്ങള്‍ സ്വരൂപിക്കാന്‍ പൊതു ജനങ്ങള്‍, ആര്‍. ആര്‍. ടി വളന്റിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ഒന്നിച്ചിറങ്ങിയപ്പോള്‍ ഉദ്യമം വന്‍ വിജയമായി.
സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഭാഗമായി 12 ലക്ഷം രൂപയോളം ഇതിനകം സ്വരൂപിക്കാനായി. എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് പ്രധാന വെല്ലുവിളി.
28 അങ്കണവാടികള്‍, ഒമ്പത് സാംസ്‌കാരിക കേന്ദ്രങ്ങള്‍, 11 വിദ്യാലയങ്ങള്‍ എന്നിവ പഞ്ചായത്ത് പരിധിയിലുണ്ട്. എല്ലായിടത്തും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്.
പഞ്ചായത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ 91 പേര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ കഴിഞ്ഞു. 22 എസ്. സി. എസ്. ടി. വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും 106 വീടുകളില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്തു. തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് പഞ്ചായത്ത് കാഴ്ചവെച്ചത്.