വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം; ജില്ലാ ഭരണകൂടത്തിന്റെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍


വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതിനുശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ ഒക്ടോബര്‍ 31നകമോ പുതിയ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. സ്ഥാപന മേലാധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം.

അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ഐഎഫ്എസ്സി കോഡ് സഹിതം ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത തിയ്യതിക്കുശേഷം ലഭിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളതുമായ അപേക്ഷകളില്‍ ആനുകൂല്യം അനുവദിക്കില്ല. ഫോണ്‍ 04952378480.

കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവേശനം അനുവദിച്ചതായി ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളായ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും പ്രവേശനം ലഭിക്കാന്‍ നിര്‍ബന്ധമാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രവേശന സമയം.

മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക കോവിഡ് ധനസഹായം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക കോവിഡ് ധനസഹായം ഇനിയും ലഭിക്കാത്ത ഗുണഭോക്താക്കള്‍ സെപ്തംബര്‍ 25നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഹാജരായി ഫിംസ് സോഫ്റ്റ്വെയറില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് റീജ്യണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു. ധനസഹായമായി കോഴിക്കോട് ജില്ലയില്‍ 22,475 പേര്‍ക്ക് 1,000 രൂപ വീതം വിതരണം ചെയ്തുകഴിഞ്ഞു.

ഓരോ ഗുണഭോക്താക്കള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് ലയനം മൂലം മാറ്റം വന്നിട്ടുള്ള ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.കോഡ് വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ നടപടി സ്വീകരിക്കണം. ധനസഹായം ലഭിച്ച ഗുണഭോക്താക്കള്‍ മത്സ്യഭവന്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല.

 

ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സ് പ്രവേശനം

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിക്കു കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സില്‍ നേരിട്ട് അഡ്മിഷന്‍ ലഭിക്കുന്നതിന് താല്പര്യമുളളവര്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷകര്‍ അമ്പത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായിരിക്കണം. എസ്‌സി, എസ്ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍ : 0495 2385861, 9400508499.

 

ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസ്- മലബാര്‍ മില്‍മ സന്ദര്‍ശിച്ചു

ഫാക്ടറികളും വ്യാവസായിക യൂണിറ്റുകളും ആനുവല്‍ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസ് സാമ്പത്തിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി മലബാര്‍ മേഖല ക്ഷീരോല്‍പാദക യൂണിയന്‍ (മലബാര്‍ മില്‍മ) സന്ദര്‍ശിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍.എഫ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തോമസ് എം.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലയില്‍ നൂതന കാര്‍ഷിക വിപണന ശാക്തീകരണ പദ്ധതികള്‍

കൃഷി വകുപ്പിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ശാക്തീകരണ ശൃംഖല ഉറപ്പാക്കുന്നതിനും ജില്ലയില്‍ നൂതന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ടെയ്നര്‍ മോഡ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് പ്രോസസിംഗ് സെന്റര്‍ (സിഎംപിസി), പഴം, പച്ചക്കറികള്‍, മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച്, ശീതീകരിച്ച് കേടു കൂടാതെ സൂക്ഷിച്ച് ഉല്‍പാദന മേഖലയില്‍ നിന്നും വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ്/ താപ നിയന്ത്രണ സൗകര്യമുള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതി, കാര്‍ഷിക ഉല്‍പന്നങ്ങളായ പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, നാളികേരം എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതി, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്.

കണ്ടെയ്നര്‍ മോഡ് പ്രോക്യുമെന്റ് പ്രോസസിംഗ് സെന്റര്‍ സിസിഎംപിസി പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റി (പിഎസി)കള്‍ക്ക് 50% നിരക്കില്‍ പരമാവധി 4.5 ലക്ഷം രൂപ ആണ് ധനസഹായം. പഴം, പച്ചക്കറികള്‍ മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച് ശീതികരിച്ച് കേടുകൂടാതെ സൂക്ഷിച്ച് വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ് /താപ നിയന്ത്രണ സൗകര്യമുള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതിയില്‍ പിഎസി കള്‍ക്ക് 50% നിരക്കില്‍ പരമാവധി 4 ലക്ഷം രൂപയാണ് സബ്സിഡി. പിഎസി കള്‍ അപേക്ഷകരായി ഇല്ലാത്തപക്ഷം സ്റ്റാര്‍ട്ടപ്പുകള്‍/കുടുംബശ്രീ യൂണിറ്റുകള്‍/ഹോര്‍ട്ടികോര്‍പ്പുകള്‍ എന്നിവരെയും ഗുണഭോക്താക്കളായി പരിഗണിക്കും. കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും
എസ്.എച്ച്.ജി,എഫ്.പി.ഒ എന്നിവര്‍ക്കും പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍/നാളികേരം എന്നിവയുടെ പ്രോസസ്സിംഗ്/ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ 50% ആണ് സബ്സിഡി തുക. ബാക്കി തുകയില്‍ 40% എസ്എച്ച്എം, എസ്എംഎഎം പദ്ധതികളില്‍ നിന്നും കണ്ടെത്താന്‍ വ്യവസ്ഥയുണ്ട്. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ പിഎസി/സ്റ്റാര്‍ട്ട് അപ്പുകള്‍/ എസ്എച്ച്ജി/എഫ് പി.ഒ എന്നിവക്ക് അപേക്ഷ സമര്‍പ്പിക്കാം. ആവശ്യാധിഷ്ഠിത ധനസഹായം പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ക്ലീനര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം 30 ലേക്ക് മാറ്റി

സെപ്തംബര്‍ 27ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാല്‍ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഹോമിയോപ്പതി (ഐ.എം.ആര്‍.സി.എച്ച്) പ്രൊജക്റ്റിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ക്ലീനര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് 27ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ സെപ്തംബര്‍ 30ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്റര്‍വ്യൂ മെമ്മോയില്‍ പരാമര്‍ശിച്ച മറ്റ് നിബന്ധനകള്‍ക്ക് മാറ്റമില്ല.