വിചാരിക്കുന്നത് നടക്കുമോ? എങ്ങനെ ചിന്തിക്കണം? ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ
വിചാരിക്കുന്നത് നടക്കാന്‍, നമ്മള്‍ ഹാപ്പിയാണെന്ന് വെറുതെ വിചാരിക്കുക. അങ്ങനെ നാം കുറെ നാള്‍ വിചാരിച്ച് കൊണ്ടിരുന്നാല്‍ നമ്മള്‍ ശരിക്കും ഹാപ്പിയാകും. ‘എന്നും എപ്പോഴും’ എന്ന സിനിമയില്‍ ലെന പറഞ്ഞതാണ് ഇക്കാര്യം. ഈ പ്രസ്താവനയ്ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് പരിശോധിക്കാം.
ഓട്ടോ സജഷന്‍ അഥവാ ആത്മ നിര്‍ദേശം എന്നത് ഒരു പുതിയ ആശയമല്ല. ഫ്രഞ്ച് മനശാസ്ത്രജ്ഞനായ എമി കുവ ഇരുപതാം ന്യൂട്ടണിന്റെ ആരംഭത്തില്‍ അവതരിപ്പിച്ച ഒരു മനശാസ്ത്ര വിദ്യയാണിത്.
നമ്മുടെ ശരീരത്തില്‍ രണ്ടു തരത്തിലുള്ള നാഡിവ്യൂഹങ്ങളാണുള്ളത്. ഒന്ന് നമ്മുടെ ഇച്ഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും മറ്റേത് സ്വയം പ്രവര്‍ത്തിക്കുന്നതുമാണ്. ഉദാഹരണത്തിന് ഹൃദയമിടിപ്പും ശ്വാസോശ്വാസവുമെല്ലാം സ്വയം പ്രവര്‍ത്തിക്കുന്ന ഒന്നാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെയാണ് ഈ പ്രവര്‍ത്തനം. നാം അറിയാതെ ചെയ്യുന്ന പ്രവര്‍ത്തികളെ നമ്മുടെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഓട്ടോ സജഷന്‍ എന്ന പ്രക്രിയ.
പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ ഇത് പരിശീലിച്ചെടുത്തല്‍ നമ്മുടെ ഇച്ഛക്ക് അനുസൃതമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ വഴങ്ങുന്നതായി ഒരാള്‍ക്ക് തോന്നും. ഇപ്രകാരം മാനസിക പിരിമുറുക്കം മാത്രമല്ല ശാരീരിക അസ്വസ്ഥകളും മറയുന്നതായും രോഗികളില്‍ കണ്ടുവരുന്നു. ശാരീരിക രോഗങ്ങളല്ല ലക്ഷണങ്ങളാണ് ഇവിടെ മാറുന്നത്. ഇപ്രകാരം ഉത്തേജിക്കപ്പെട്ട ഒരാള്‍ക്ക് അവിശ്വസനീയമാം വിധം തങ്ങളുടെ ശാരീരിക അസ്വസ്ഥകള്‍ മാറുകയും രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യുന്നതായി കണ്ടു വരുന്നു. ഇത് രോഗികളില്‍ ആത്മധൈര്യം നല്‍കുകയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുകയും ചെയ്യുന്നു. ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ ഇ.ഇ.ജി പരിശോധനയില്‍ എല്ലാവരും പൂര്‍ണമായ ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള തരംഗങ്ങളാണ് തലച്ചോറില്‍ നിന്ന് പുറപ്പെടുവിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജീവിത പ്രതിസന്ധികളിലും മറ്റും തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മെ സഹായിക്കും എന്നതാണ് ഇതിന്റെ മെച്ചം. ആത്മവിശ്വാസത്തെ ഉണര്‍ത്തി ജീവിത വിജയങ്ങളും ലക്ഷ്യങ്ങളും കരസ്ഥമാക്കാന്‍ പര്യാപ്തമായ വലിയൊരു ആയുധമാണിത്. നമ്മുടെ പ്രവര്‍ത്തികള്‍ എല്ലാം തന്നെ ഇത്തരം നിര്‍ദേശങ്ങളെ അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത് പ്രതികൂലമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണെന്ന് മാത്രം. അത് നമ്മളെ പിന്നിലേക്ക് വലിക്കും. ഒരു കാര്യം പ്രതീക്ഷിച്ചു കൊണ്ട് ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങളുടെ പെരുമാറ്റവും ചിന്തയും പ്രതികരണവും അതിന് അനുസൃതമായി നിങ്ങള്‍ അറിയാതെ തന്നെ അനുകൂലമായി തീരുമെന്ന് സാരം. അതിനാല്‍ നാം എങ്ങനെ ചിന്തിക്കണം എന്ന് പഠിച്ച് തുടങ്ങാം,
ഒരു പ്രശ്‌നത്തെ നേരിടുമ്പോള്‍ അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അറിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് അനുകൂലമായതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റീവ് ചിന്തകളെ മാത്രം പരിപോക്ഷിപ്പിക്കണം എന്ന് സാരം. നിങ്ങളുടെ പരിമിതികളെ കുറിച്ച് അമിതമായി ചിന്തിക്കുന്നതാണ് പരാജയത്തിന്റെ മുഖ്യ കാരണം.
മുന്‍വിധി കൂടാതെ പ്രശ്‌നത്തെ സമീപിക്കുക. പ്രശ്‌ന പരിഹാരത്തിനായുള്ള വിവിധ മാര്‍ഗങ്ങളെ കുറിച്ച് പഠിച്ചാല്‍ മാത്രം പോരാ അതില്‍ ഗുണകരമായതിനെ ഉള്‍ക്കൊണ്ട് മാറ്റത്തിന് തയ്യാറുള്ള മനസ് രൂപപ്പെടുത്തി എടുക്കുക.
നിര്‍ദേശങ്ങളുടെ ശക്തി തിരിച്ചറിയുക. നല്ല നിര്‍ദേശങ്ങളെ മാത്രം ഉള്‍ക്കൊള്ളുക. നല്ല നിര്‍ദേശങ്ങള്‍ മാത്രം നല്‍കുന്നവരെ കൂടെ കൂട്ടുക. എല്ലാത്തിലും നെഗറ്റീവ് മാത്രം പറയുന്നവരെ ഒഴിവാക്കുക.
ഇപ്രകാരം വിജയത്തിനും ഉന്നമനത്തിനുമായി ഭാവന കണ്ട് പ്രതികൂല പ്രതികരണങ്ങളെ അവഗണിച്ച് ജീവിതത്തില്‍ മുന്നേറാം, മനസിനെ ഉത്തേജിപ്പിക്കാം സ്വയം പ്രചോദിതരാകാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എല്‍സി ഉമ്മന്‍, മാനസികാരോഗ്യ വിദഗ്ധ