വികസന കുതിപ്പില്‍ പേരാമ്പ്ര; ബൈപാസിനായി ചെമ്മണ്‍പാതയൊരുക്കി അഴുക്കുചാല്‍ നിര്‍മാണം ആരംഭിച്ചു


പേരാമ്പ്ര: മേഖലയുടെ ഗതാഗത വികസനത്തില്‍ നാഴികകല്ലാവുന്ന പേരാമ്പ്ര ബൈപാസ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു. ബൈപ്പാസിനായി ചെമ്മണ്‍പാതയൊരുക്കി അഴുക്കുചാല്‍ നിര്‍മാണം തുടങ്ങി.

പേരാമ്പ്ര-കുറ്റ്യാടി റോഡില്‍ കക്കാട് പള്ളി മുതല്‍ എല്‍ ഐ സി ഓഫീസ് വരെയുള്ള 2.79 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക രീതിയില്‍ ഇരട്ടവരിയായാണ് ബൈപാസ് റോഡ് നിര്‍മ്മിക്കുന്നത്. ഏഴ് മീറ്ററാണ് ടാറിംഗ് വീതി. ബാക്കിഭാഗം കാല്‍നടയാത്രാ സൗകര്യം ഒരുക്കുന്നതിനും ഡ്രെയിനേജ് സംവിധാനത്തിനും വേണ്ടിയുള്ളതാണ്.

എല്‍.ഐ.സി. ഓഫീസിന് സമീപഭാഗത്താണ് അഴുക്കുചാല്‍ നിര്‍മാണം ആരംഭിച്ചത്. ഈ സ്ഥലം മുതല്‍ പൈതോത്ത് റോഡ് എത്തുന്നത് വരെയുള്ള ഭാഗമാണ് മരങ്ങള്‍ വെട്ടിമാറ്റി ചെമ്മണ്‍ പാതയൊരുക്കിക്കഴിഞ്ഞത്. മരമില്‍ പരിസരം മുതലുള്ള സ്ഥലത്ത് പാതയൊരുക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. വയല്‍പ്രദേശത്തുകൂടിയാണ് റോഡ് കൂടുതല്‍ കടന്നുപോകുന്നത്. അതിനാല്‍ മേല്‍ഭാഗത്തെ മണ്ണുമാറ്റി പകരം മണ്ണിടുകയും ചെയ്യുന്നുണ്ട്. ഇതിനായി മണ്ണുമാറ്റുന്ന ജോലികളും നടന്നുവരികയാണ്.

ചിരുതക്കുന്ന് വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവയ്‌ക്കെല്ലാം കുറുകെയാണ് പാത കടന്നുപോകുക. മേഞ്ഞാണ്യം, എരവട്ടൂര്‍ വില്ലേജില്‍ 3.7534 ഹെക്ടര്‍ സ്വകാര്യഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുത്തത്. ഇതില്‍ 3.68 ഹെക്ടര്‍ നിലമാണ്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്.

2007-2008ലാണ് ബൈപ്പാസ് റോഡ് നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. സ്ഥലമെടുപ്പിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ പാതിവഴിയിലായിരുന്നു. 2009ല്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്ലാനില്‍ മാറ്റം വരുത്തിയശേഷമാണ് ഇപ്പോഴത്തെ പാതയ്ക്ക് അനുമതിയായത്.

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ആദ്യം ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും പിന്നീട് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 99.15 കോടിരൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. നേരത്തെ 68 കോടിയുടെ പദ്ധതിയാണ് കിഫ്ബി അംഗീകരിച്ചിരുന്നത്. പിന്നീട് തുക വര്‍ധിപ്പിക്കുകയായിരുന്നു.