വികസനത്തിന്റ പാതയില്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി


കോഴിക്കോട്: നൂതന ഹൃദയ ചികിത്സ സൗകര്യങ്ങളുമായി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി വികസനത്തിന്റ പാതയില്‍. കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലാണ് അത്യാധുനിക ചികിത്സ സൗകര്യങ്ങളോട് കൂടിയ കാത്ത് ലാബ് നിലവില്‍ വന്നത്. ഈ മാസം അവസാനം ആരോഗ്യ മന്ത്രി കെ കെ ശൈലജ കാത്ത് ലാബ് ഉദ്ഘാടനം ചെയ്യും.

കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഹൃദയ ചികിത്സക്കായി ഗവ. മെഡിക്കല്‍ കോളെജില്‍ എത്തുന്നവരുടെ എണ്ണത്തിന് കുറവുണ്ടാകും. 11 കോടി രൂപ ചെലവില്‍ പഴയ ബ്ലോക്കിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിലാണ് കാത്ത് ലാബ് സജ്ജമാക്കിയത്.

പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍, ഐസിഡി ഇംപ്ലാന്റേഷന്‍ തുടങ്ങിയ ചികിത്സ ഇവിടെ ലഭ്യമാകും. 2020 ഏപ്രിലിലാണ് ഗവ. ബീച്ച് ആശുപത്രിയില്‍ കാര്‍ഡിയാക് യുണിറ്റ് തുടങ്ങുന്നത്. . മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ കൂടിയ സാഹചര്യത്തിലാണ് ജൂലൈ പകുതിയോടെ കാര്‍ഡിയോളജി ഐസിയു, ഒപി, വാര്‍ഡ് എന്നിവ ഗവ. ബീച്ച് ആശുപത്രിയില്‍ സജ്ജീകരിച്ചത്.

ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സ്ഥിര നിയമനമില്ലാത്തത് പ്രതിസന്ധിയാണ്. കാത്ത് ലാബിന്റെ ഉദ്ഘാടനത്തോടെ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക