വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം; ഭാരത് പരമ്പരയിൽ രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടേയും ഉപയോഗിക്കാം


ന്യൂഡൽഹി: അഖിലേന്ത്യാടിസ്ഥാനത്തിൽ വാഹന രജിസ്‌ട്രേഷന്‌ ‘ഭാരത്‌ പരമ്പര’ യുമായി റോഡ്‌ ഗതാഗത മന്ത്രാലയം. സംസ്ഥാനം വിട്ട്‌ മറ്റൊരിടത്തേക്ക്‌ താമസം മാറുമ്പോൾ വാഹനങ്ങൾ അതതിടത്ത്‌ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടിവരുന്നത്‌ ഒഴിവാക്കാനാണ് ഇതെന്ന്‌ മന്ത്രാലയം വിശദീകരിക്കുന്നു.

പ്രതിരോധസേനകളിൽ ജോലി ചെയ്യുന്നവർ, കേന്ദ്ര- സംസ്ഥാന സർക്കാർ – പൊതുമേഖലാ ജീവനക്കാർ, നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യസ്ഥാപന ജീവനക്കാർ എന്നിവർക്ക്‌ വാഹനങ്ങൾ ഈ രീതിയിൽ രജിസ്റ്റർ ചെയ്യാം.

സെപ്‌തംബർ 15ന്‌ നിലവിൽവരും. YY BH 0000 XX എന്ന ക്രമത്തിലാണ്‌ ഭാരത്‌ പരമ്പരയിൽ രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുക. YY- വാഹനം ആദ്യം രജിസ്റ്റർ ചെയ്യുന്ന വർഷം, BH- ഭാരതിന്റെ ചുരുക്കം, -0000 മുതൽ 9999 വരെയുള്ള അക്കങ്ങൾ, XX -AA മുതൽ ZZ വരെയുള്ള അക്ഷരങ്ങൾ എന്ന രീതിയിൽ ഉപയോഗിക്കും.