വാഹന പരിശോധനക്ക് ഇന്നുമുതല്‍ പുതിയ രീതി; നിയമം ലംഘിച്ചാല്‍ കിട്ടുക മുട്ടന്‍ പണി; ഇ ചലാന്‍ പദ്ധതിക്ക് പേരാമ്പ്രയില്‍ തുടക്കമായി


പേരാമ്പ്ര: വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുമ്പത്തേതു പോലെ ആയിരിക്കില്ല, കിട്ടുക മുട്ടന്‍ പണി. ഇതിനായി ഇ-ചലാന്‍ സാങ്കേതിക വിദ്യ സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ നടപ്പാക്കി. ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡി.ജി.പി. ലോക് നാഥ് ബഹ്‌റ ഇന്നു നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന നടന്നു.

 

കോഴിക്കോട് റൂറല്‍ ജില്ലയില്‍ ഇന്ന് നടത്തിയ വാഹന പരിശോധനയില്‍ ട്രാഫിക് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 200 മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിന്നായി എഴുപത്തി അയ്യായിരത്തിലധികം രൂപ പിഴ ഈടാക്കി.

ഇ ചലാന്‍ പദ്ധതി പ്രാവര്‍ത്തികമായതോടെ നിയമലംഘനം കണ്ടെത്തുന്നുന്ന സാഹചര്യങ്ങളില്‍ വാഹന ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിച്ച് അപ്പോള്‍ തന്നെ പിഴ അടയ്ക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയും. ഇത്തരം സംവിധാനങ്ങള്‍ കൈവശം ഇല്ലാത്തവര്‍ക്കു പിഴ അടയ്ക്കാന്‍ ഒരാഴ്ചത്തെ സാവകാശം ലഭിക്കും. പിഴ അടയ്ക്കാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്കു കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ലെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

 

എന്താണ് ഇചലാന്‍

സമഗ്രമായ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനമാണ് ഇ- ചലാന്‍. ഇതുവഴി കേസ് വിവരങ്ങള്‍ ഔദ്യോഗിക സെര്‍വറില്‍ രേഖപ്പെടുത്തും. ഒരോ നിയമ ലംഘനത്തിന്റെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. ഗതാഗത നിയമ ലംഘനത്തിന് പിടിയിലാകുന്നവര്‍ക്ക് അവിടെ വച്ച്തന്നെ ഓണ്‍ലൈനായി പണമടക്കാം. പണമടക്കാന്‍ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. പണമില്ലെങ്കില്‍ പിന്നീട് അടയ്ക്കാനും സൗകര്യമുണ്ട്. പിഴയടക്കുന്നവര്‍ക്കുള്ള രസീതിയും തത്സമയം ലഭിക്കും.

വാഹന പരിശോധനക്കിടയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ അപ്പോള്‍ തന്നെ താനെ ഡിജിറ്റലായി രേഖപ്പെടുത്തപ്പെടും. ഇതുപ്രകാരം സമാനമായ നിയമലംഘനത്തിന് മുമ്പും പിടികൂടിയിട്ടുണ്ടെങ്കില്‍ ഇചലാന്‍ വഴി അറിയാന്‍ സാധിക്കും. ഇത്തരക്കാരില്‍ നിന്ന് ഇരട്ടി പിഴ ഈടാക്കും. ക്രെഡിറ്റ്, ഡെബിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്യാഷ് പെയ്മെന്റ് മുഖാന്തിരമെല്ലാം പിഴ ഒടുക്കാന്‍ കൂടി കഴിയുന്ന സംവിധാനമാണിത്. പൂര്‍ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിഒഎസ് മെഷീനുകളാണ് ഇതിനായി ഉപയോഗിക്കുക. രാജ്യവ്യാപക കേന്ദ്രീകൃത സംവിധാനമായ വാഹന്‍ സോഫ്ട്വെയറുമായി ഇചലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്.

വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, വാഹന നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ അതു സംബന്ധമായ എല്ലാ വിവരവും ഉടന്‍ ലഭ്യമാകും. കുറ്റകൃത്യങ്ങള്‍ ഫോട്ടൊ, വീഡിയോ എന്നിവ പുതിയ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും.

വാഹനത്തിന്റെ നമ്പര്‍ നല്‍കിയാല്‍ ഇന്‍ഷ്വറന്‍സ്, ടാക്സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ലഭിക്കും. ഇ- ചലാനില്‍ ഒരു തവണ പിഴയടച്ചാല്‍ അത് സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കും. രാജ്യത്ത് എവിടെയും ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ഇതില്‍ രേഖപ്പെടുത്തും.