വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടര്‍ച്ചാവകാശിയെ നിര്‍ദേശിക്കാം; രജിസ്ട്രേഷന്‍ വെബ്സൈറ്റിലെ മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം



തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടര്‍ച്ചാവകാശിയെ നിര്‍ദേശിക്കാം. പുതിയ വാഹനങ്ങള്‍ക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉള്‍ക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നല്‍കിക്കൊണ്ട് വാഹന രജിസ്ട്രേഷന്‍ വെബ്സൈറ്റില്‍ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടര്‍ന്നുള്ള അവകാശത്തര്‍ക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തില്‍ കഴിയും.

ഉടമ മരിച്ചാല്‍ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്. അവകാശികള്‍ തമ്മില്‍ സമവായം ഉണ്ടായെങ്കില്‍ മാത്രമേ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നല്‍കണം. അവകാശികള്‍ അറിയാതെ വാഹനം കൈമാറ്റം ചെയ്യുന്നത് തര്‍ക്കത്തിന് ഇടയാക്കിയതിനെത്തുടര്‍ ന്നാണ് നേരിട്ടുള്ള സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയത്. അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി 400-ഓളം കേസുകള്‍ നിലവിലുണ്ട്.

എങ്ങനെ ചേര്‍ക്കാം

രജിസ്‌ട്രേഷൻ രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉള്ളവർക്കു മാത്രമാണ് നോമിനിയെ ചേർക്കാനുള്ള അവസരം ലഭിക്കുക. മൊബൈൽ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്‌വേഡ്‌ വരുക. vahan.parivahan.gov.in-ൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകി പ്രവേശിക്കണം. സർവീസസ് എന്ന ടാബിൽനിന്ന്‌ അഡീഷണൽ സർവീസസിൽ ആഡ് നോമിനി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. എൻജിൻ, ഷാസി നമ്പറുകൾക്കൊപ്പം രജിസ്‌ട്രേഷൻ തീയതിയും രജിസ്‌ട്രേഷൻ കാലാവധിയുംരേഖപ്പെടുത്തണം. നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും ഉൾക്കൊള്ളിക്കാം. ഉടമ മരിച്ചാൽ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാം. ഉടമയുടെ മരണസർട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ ഉൾപ്പെടുത്തുന്നതിന് ഫീസ് ഇല്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.