വാഹനങ്ങള്‍ ഓടുന്നെങ്കിലും കടകൾ അടഞ്ഞ് തന്നെ; ചങ്ങരോത്ത് യു.ഡി.എഫ് ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുന്നു
പേരാമ്പ്ര: പാലേരിയില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്തില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുന്നു. കടകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഗതാഗതം പതിവ് പോലെ തുടര്‍ന്നു. പ്രദേശത്ത് ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പാലേരിയിലും പ്രശ്‌നങ്ങളുണ്ടായത്.
കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃത്വത്തില്‍ പാലേരിയില്‍ പ്രകടനം നടന്നിരുന്നു. ഇതേ സമയത്ത് കോണ്‍ഗ്രസിന്റെ പ്രകടനവുമുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പാലേരി ടൗണില്‍ സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹർത്താലിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ചങ്ങരോത്ത് പൊതുയോഗം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.