വാഹനം മോടിപിടിപ്പിക്കല്‍; ഏഴുമാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം 240 കേസ്


കോഴിക്കോട്‌: നിയമവിരുദ്ധമായി വാഹനം മോടിപിടിപ്പിച്ചതിന്‌ ജില്ലയിൽ ഇതുവരെ പിടികൂടിയത്‌ 240 വണ്ടികൾ. മോട്ടോർ വാഹനവകുപ്പ്‌ എൻഫോഴ്സ്‌മെന്റിന്റെ നിരന്തര പരിശോധനയിലാണ്‌ അനധികൃതമായി നിരത്തിലിറക്കിയ വാഹനങ്ങൾക്ക്‌ പിടിവീണത്‌. ഈ ഇനത്തിൽ മാത്രം 12 ലക്ഷത്തോളം രൂപ പിഴ ഈടാക്കി.

2021 ജനുവരി മുതൽ ആഗസ്‌ത്‌ 11 വരെയുള്ള കണക്കാണിത്‌. ഇതേ കാലയളവിൽ വാഹനങ്ങളുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്‌ 18,945 ഇതര കേസുകളുമുണ്ട്‌. 2.48 കോടി രൂപയാണ്‌ ഈ ഇനത്തിൽ പിഴയിട്ടത്‌. നിയമവിരുദ്ധമായി ആകൃതിയും നിറവും മാറ്റൽ, അമിതശബ്ദമുള്ള ഹോണുകളും പുറത്തേക്ക്‌ തള്ളിനിൽക്കുന്ന ടയറുകളും തീവ്ര പ്രകാശമുള്ള ലൈറ്റുകളും വാഹനങ്ങളിൽ ഘടിപ്പിക്കൽ, വലിയ അളവിലുള്ള സ്‌റ്റിക്കർ പതിപ്പിക്കൽ, ബൈക്കുകളിലെ സൈലൻസറുകളുടെ രൂപമാറ്റം വരുത്തൽ എന്നിവയെല്ലാം നിയമലംഘനത്തിൽപ്പെടും.

അനധികൃതമായി രൂപം മാറ്റുന്നതിൽ ബുള്ളറ്റുകളാണ്‌ മുമ്പിൽ. ജീപ്പുകൾ തൊട്ടുപുറകിലുണ്ട്‌. സ്‌പെഷ്യൽ ഡ്രൈവിലും പിടിവീണു. മോട്ടോർ വാഹന വകുപ്പ്‌ എൻഫോഴ്സ്‌മെന്റ്‌ നിയമം ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാനായി ആഗസ്‌ത്‌ ഒന്നുമുതൽ ഒമ്പതുവരെ സ്‌പെഷ്യൽ ഡ്രൈവ്‌ നടത്തിയിരുന്നു. 864 കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. 7.15ലക്ഷം രൂപ പിഴ ഈടാക്കി. ഇതിൽ 75 എണ്ണം അനധികൃതമായി വാഹനം മോടി പിടിപ്പിച്ചതിനാണ്‌.