വാരിയംകുന്നത്ത് അടക്കം 387 പേരെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ‘രാഷ്ട്രീയ പ്രേരിതം’ – എം.ജി.എസ് നാരായണന്‍


കോഴിക്കോട്: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെ വിമര്‍ശിച്ച് പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. വാരിയംകുന്നത്തിന്റേതുള്‍പ്പെടെയുള്ള 387 മലബാര്‍ സമര നേതാക്കളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ ഒഴിവാക്കരുതെന്നും തീരുമാനം തെളിവുകളുടെ പിന്‍ബലത്തിലല്ലെന്നും എം.ജി.എസ് പറഞ്ഞു.

രാഷ്ട്രീയ പ്രേരിതമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം. മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.

സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓം ജീ ഉപാധ്യായ് പറഞ്ഞു.