വായിച്ചു തീരാത്ത
ചരിത്രമാണ് ഗൗരിയമ്മ


റിനീഷ് തിരുവള്ളൂർ

‘ഗൗരിയമ്മ ദ അയേൺ ലേഡി’ എന്ന ഡോക്യുമെൻ്ററിക്കു വേണ്ടി ഗൗരിയമ്മയുമായി രണ്ട് അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞു. ഒരു പോരാളിയിൽ നിന്ന് പകർന്നുകിട്ടിയ അഭിമാനകരവും ആവേശകരവുമായ അനുഭവമായിരുന്നു അത്.

‘ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും’ ചങ്ങമ്പുഴ എഴുതിയത് പോലെയാണ് ഗൗരിയമ്മയുടെ ജീവിതം.
ജീവിത ദർശനങ്ങൾ കൊണ്ട് നിഴലും നിലാവും വെളിച്ചവും തെളിച്ചവുമായ് ഒരു പകുതിയിൽ ജീവിച്ചു. മറുപകുതിയിൽ പ്രതിഷേധവും നിഷേധവും കാർക്കശ്യവുമായ് സ്വന്തം നിലപാട് ഉയർത്തിപ്പിടിച്ച മൗലിക വ്യക്തിത്വം.

രാഷ്ട്രീയ പ്രവേശനം, വക്കീൽ ജോലി, തിരുകൊച്ചി സഭ, ലോക്കപ്പ് മർദ്ദനം,
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ,
ഭൂപരിഷ്ക്കരണ നിയമം, ഇ.എം.എസ്, കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ്, മുന്നണി രാഷ്രീയം, ജെ.എസ്.എസ്. രൂപീകരണം തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും കാലവും സന്ദർഭവും രേഖകളും പരാമർശിച്ചുള്ള മറുപടികൾ. പ്രായം ഓർമ്മയെ ഒട്ടും ബാധിച്ചിട്ടില്ലായിരുന്നു. സഖാവ് സി.എച്ച് കണാരനെ കുറിച്ച് പൊതുവിൽ അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു. കർഷക സംഘത്തിൻ്റെ ഇടപെടലുകൾ. രാഷ്ട്രീയ തീരുമാനങ്ങളിലും നിയമ നിർമാണത്തിലും സഖാവ് സി.എച്ചിൻ്റെ പങ്കിനെ പറ്റിയും സംസാരിച്ചു. ഇടയിൽ ചിലതിൽ വിമർശനം. രാഷ്ട്രീയത്തിലും സമൂഹത്തിലുംസ്ത്രീകൾക്ക് തുല്ല്യത വേണം തുടങ്ങിയ നിലപാടുകൾ അക്കമിട്ട് വിശദീകരിച്ചു. വിയോജിപ്പുകൾ പറയുമ്പോഴുള്ള തികഞ്ഞ രാഷ്ട്രീയ ബോധവും ആശയതെളിമയും നിലപാടിനോടുള്ള അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തി. രണ്ട് മൂന്ന് ചോദ്യങ്ങൾക്ക് മൗനം.

ഇടയിൽ ചില വ്യക്തിപരമായ ചില
വിഷയങ്ങളിലേക്ക് കടന്നു.

സഖാവ് ടി.വി.തോമസിനെയും പ്രണയത്തെ കുറിച്ചും ചോദിച്ചു. ‘എനിക്ക് ഇഷ്ടമായിരുന്നു, ടി.വി ഇപ്പോഴും എൻ്റെ കൂടയുണ്ട്, ചുമരിലെ ചിത്രം കാണിച്ച് ‘ദാ ചിരിക്കുന്നത് നോക്ക് ‘ പിന്നെ കുറേ നേരം മിണ്ടാതിരുന്നു, നെടുവീർപ്പിട്ടു, ഞാനപ്പോൾ ആ കണ്ണിൽ തന്നെ നോക്കിയിരുന്നു. കയ്യിൽ അടക്കിപ്പിടിച്ച താക്കോൽ കൂട്ടം കിലുക്കി ആ സന്ദർഭത്തിലെ നിശബ്ദയില്ലാതാക്കി.
‘ആ അതൊക്കെ അങ്ങിനെയാണ്, ഒരുമിച്ച് ജീവിക്കാൻ ഭാഗ്യമില്ലന്ന് കരുതിയാൽ മതി’
ഇടയിൽ എനിക്കൊരു വാർണിങ്ങ് ‘ഇതൊന്നും സിനിമയാക്കി കളയരുത്, ഒരുത്തൻ എന്നെ കുറിച്ച് ഒരു വഷളൻ സിനിമയെടുത്തു. അതിൽ പറയുന്നതൊന്നും ശരിയല്ല. നിങ്ങൾ പത്രക്കാര് അങ്ങിനെ പലതും കണ്ടെത്തും, അതു കൊണ്ട് പറയുകയാണ്. ‘ഇത്രയും പറഞ്ഞ് ആ പാർട്ട് അവിടെ നിർത്തി.

ഗൗരിയമ്മയുടെ മുറിയിൽ ശ്രീകൃഷ്ണൻ്റെ പ്രതിമയുണ്ട്. കൃഷ്ണനെ ഇഷ്ടമാണോന്ന് ചോദിച്ചു.
‘നീയൊക്കെ എവിടുത്തെ പത്രക്കാരനാ, കൃഷ്ണനാണ് ആദ്യത്തെ സോഷ്യലിസ്റ്റ് അതൊക്കെ പഠിക്കണം എന്നിട്ട് ചോദിക്കാൻ വാ ‘ ഗൗരിയമ്മയുടെ രാഷ്ട്രീയ ദർശനത്തിൻ്റെ സത്ത ആ ഉത്തരത്തിലുണ്ടായിരുന്നു.

ചാത്തനാട്ടെ വീട്ടിൽ അഭിമുഖം കഴിയുമ്പോഴേക്കും കൂടെയുള്ള ഗൺമാൻ യേശുദാസൻ മേശനിറയെ പലഹാരം നിരത്തി. പൂവൻ പഴവും അരി നുറുക്കും കായ വറുത്തതുമെല്ലാമുണ്ട്, ഫോർമാലിറ്റിയിൽ ഒരു ചായ കുടി കഴിച്ച് എഴുനേറ്റു നിന്ന എനിക്കും കൂട്ടർക്കും കണക്കിന് സ്നേഹത്തിൽ പൊതിഞ്ഞ ശകാരം ‘ഇനിയിത് തിന്ന് തീർക്കാൻ ഞാൻ വേറെ ആളെ നോക്കണോ? തീർത്തിട്ട് പോയാൽ മതി ‘സ്നേഹവാത്സല്യം നിറഞ്ഞ ആ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചു.

ഉരുക്കു വനിത, സമരനായിക, കാർക്കശ്യക്കാരി, രാഷ്ട്രീയ സംഘാടക, തൊഴിലാളി നേതാവ്, മികവുറ്റ ഭരണാധികാരി, ഉറച്ച തീരുമാനമുള്ളവൾ, പ്രണയിനി, കമ്യൂണിസ്റ്റ്, സഖാവ് അങ്ങിനെ വിശേഷണങ്ങൾ ഒരുപാടുണ്ട് പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക്. ഒറ്റവാക്കിൽ പറഞ്ഞാൽ
ഗൗരിയമ്മ ചരിത്രമാണ്.
നമ്മൾ വീണ്ടും വീണ്ടും വായിച്ചു പഠിക്കേണ്ടുന്ന രാഷ്ട്രീയ ചരിത്രം.