വായനയ്ക്കായി മാറ്റിവെക്കാം, കരുതലാവാം പുസ്തകങ്ങള്‍; മകന്റെ വിവാഹത്തില്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കി പേരാമ്പ്ര സ്വദേശി പുതുക്കുടിത്താഴെ യൂസഫ്


പേരാമ്പ്ര: വായനയെ പരിപോഷിപ്പിക്കാൻ മകന്റെ വിവാഹത്തെ വേറിട്ടതാക്കി ഖത്തർ മലയാളി. പേരാമ്പ്ര, കൈതക്കല്‍, പുതുക്കുടിത്താഴെ യൂസുഫാണ് മകന്‍ ജാസിമിന്റെ ഖത്തറിൽ നടന്ന വിവാഹ ചടങ്ങിൽ പേരാമ്പ്രയിലെ രണ്ടു സ്ഥാപനങ്ങളുടെ വായനശാലകളിലേക്ക് പുസ്തകങ്ങള്‍ നൽകി അക്ഷരസ്നേഹത്തിന്റെ മാതൃകയായത്.

ഗ്രെയിസ് ഖത്തര്‍ ചാപ്റ്റര്‍ നടത്തുന്ന അക്ഷരക്കൂട്ട് 2021 പുസ്തകക്യാമ്പയിന്റെ ഭാഗമായാണ് പുസ്തകകൈമാറ്റം സംഘടിപ്പിച്ചത്. ഖത്തറിലെ ഉംഅല്‍അമദിലുള്ള തഹൂന ഫാം ഹൗസില്‍ നടന്ന വിവാഹ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ എ പി മുഹമ്മദ് അഫ്‌സല്‍ വരന് പുസ്തകം കൈമാറി.

വധു ഫിദ ഫാത്തിമ റഷീദ്, വരന്റെ മാതാവ് സൗദ യൂസുഫ്, ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി തുടങ്ങിയവര്‍ സംബന്ധിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലുള്ള സി എച്ഛ് ചെയറിന്റെ ഭാഗമായുള്ള ഗ്രെയിസ് പബ്ലിക്കേഷന്റെ 15,000 രൂപ മുഖ വിലയുള്ള പുസ്തകങ്ങളാണ് പേരാമ്പ്രയിലെ ദാറുന്നുജൂം യതീംഖാന, ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങളുടെ വായനശാലകള്‍ക്ക് നല്‍കുക.

ഇരുസ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങില്‍ മുസ്ലിം യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ പുസ്തകങ്ങള്‍ കൈമാറും. ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പല്‍ റഫീഖ് സക്കരിയ്യ ഫൈസി, ദാറുന്നുജൂം മാനേജര്‍ ഹാരിസ് അരിക്കുളം എന്നിവര്‍ ഏറ്റുവാങ്ങും. പ്രായോജകരുടെ പ്രതിനിധിയായി തമിം മുനീര്‍ തുങ്ങിയവർ പങ്കെടുക്കും.