വായനക്കാരെ വിസ്മിപ്പിച്ച കുറ്റ്യാടിയുടെ എഴുത്തുകാരന്‍ കണ്ണന് കരിങ്ങാട് അന്തരിച്ചു
കുറ്റ്യാടി: എഴുത്തുകാരൻ കണ്ണന് കരിങ്ങാട് (66) അന്തരിച്ചു. കുറ്റ്യാടിക്കടുത്ത ചങ്ങരംകുളത്തായിരുന്നു താമസം. പൂര്വ്വാപരം, പ്രതിലോകം എന്നീ രണ്ടു നോവല്കൊണ്ട് എഴുത്തുകാരെയും വായനലോകത്തെയും വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്.
എഴുത്തിന്റെ പരപ്പും ആശയങ്ങളിലെ ആഴവും ഈ രണ്ടു രചനകളിലൂടെയും പ്രകടമായിരുന്നു. ക്ലാസിക് രീതിക്കിണങ്ങുന്ന സവിശേഷവും ആഢ്യവുമായ ഭാഷയിലെഴുതിയ ‘പ്രതിലോകം’ മഹാഭാരതകഥയിലെ മൗനത്തെ ചികഞ്ഞെടുത്ത കൃതിയായിരുന്നു. ഇതിന് പൂർണ ഉറൂബ് അവാർഡ് ലഭിച്ചിട്ടുണ്ട്.
എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ മടിക്കുകയോ അരികുചേർന്നു ജീവിക്കുകയോ ചെയ്യുന്നവരെ കണ്ടെത്താൻ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളിലൊന്നായിരുന്നു ‘പൂർവ്വാപരം’. പൂർവ്വാപരത്തിന് വായനലോകം അഭൂതപൂർവമായ സ്വീകാര്യതാണ് നൽകിയത്.
ബാലസാഹിത്യത്തിലും ചെറുതല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അനേകം ചെറുകഥകൾ, നാടകങ്ങൾ, നാടകഗാനങ്ങൾ എന്നിവയും കണ്ണന്റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട്. തെക്കേയിന്ത്യൻ ശാസ്ത്രകോൺഗ്രസിൽ ഒട്ടേറെത്തവണ പ്രബന്ധമവതരിപ്പിക്കാൻ അവസരം ലഭിച്ച എഴുത്തുകാരൻ കൂടിയാണ് കണ്ണൻ.
ഇതിനിടെ തിരമാലകളിൽനിന്നും വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുൻകൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയ വിവിധ കണ്ടുപിടിത്തങ്ങളും നടത്തി. കുന്നുമ്മൽ, കാവിലുംപാറ മേഖലയിൽ ഇടതുപക്ഷപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നണിയിലുണ്ടായിരുന്ന ഇദ്ദേഹം സി.പി.എം. കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറി, പുരോഗമന കലാ-സാഹിത്യസംഘം എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. വിവാദമായ തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി. മക്കൾ: ജിനീഷ്, ജിഷ. മരുമകന്: മനോജന് (കൈവേലി).