വാണിമേലില്‍ ദ്രുതകര്‍മസേനയിറങ്ങി: കാട്ടാനക്കൂട്ടത്തെ ഓടിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
വാണിമേല്‍: കാട്ടാനശല്യം രൂക്ഷമായ വിലങ്ങാട് വനത്തില്‍ വനംവകുപ്പിന്റെ ദ്രുതകര്‍മസേനയിറങ്ങി കാട്ടാനയെ തുരത്തി. അപകടഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ സംഘം മലയോരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വിലങ്ങാട് പൂവത്താംകണ്ടി ഭാഗത്ത് കഴിഞ്ഞദിവസം കാട്ടാനയിറങ്ങി വലിയ തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. ദ്രുതകര്‍മസേന വ്യാഴാഴ്ച സ്ഥലത്തെത്തിയെങ്കിലും മഴമൂലം വനത്തിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച വനത്തിനുള്ളിലേക്ക് കടന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനക്കൂട്ടത്തെ കിലോമീറ്റര്‍ ദൂരത്തുള്ള ചന്ദനത്താംകുണ്ട് ഭാഗത്തേക്ക് തുരത്തി.
ദ്രുതകര്‍മസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ. സുരേഷ്, എന്‍.കെ അര്‍ജുന്‍, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ജെയിംസ് ടോംസ്, നാട്ടുകാരനായ മുട്ടത്തുകുന്നേല്‍ സനീഷ് തുടങ്ങിയവരാണ് ആനയെ തുരത്താന്‍ രംഗത്തുള്ളത്.