വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്; കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട


തിരുവനന്തപുരം: സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി.

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. എന്നാല്‍ വാടക വീട്ടില്‍ മറ്റൊരു റേഷന്‍ കാര്‍ഡുണ്ടെങ്കിലോ കെട്ടിട ഉടമ സമ്മതപത്രം നല്‍കിയില്ലെങ്കിലോ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.